പതിറ്റാണ്ടുകളായി ക്യൂബയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ മുൻ യു എസ് അംബാസഡർക്കെതിരെ കേസ്

വാഷിംഗ്ടൺ: 40 വർഷത്തിലേറെയായി ക്യൂബയ്‌ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് ബൊളീവിയയിലെ മുൻ അംബാസഡർക്കെതിരെ യു.എസ് തിങ്കളാഴ്ച കുറ്റം ചുമത്തി.

2000 മുതൽ 2002 വരെ ബൊളീവിയയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച വിക്ടർ മാനുവൽ റോച്ചയ്‌ക്കെതിരെ അനധികൃത വിദേശ ഏജന്റായി പ്രവർത്തിക്കുക, വഞ്ചനാപരമായ പാസ്‌പോർട്ട് ഉപയോഗിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം ഫെഡറൽ കുറ്റകൃത്യങ്ങൾ ചെയ്‌തതിന് കേസെടുത്തതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.

“40 വർഷത്തിലേറെയായി, വിക്ടർ മാനുവൽ റോച്ച ക്യൂബൻ ഗവൺമെന്റിന്റെ ഒരു ഏജന്റായി പ്രവര്‍ത്തിക്കുകയും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിനുള്ളിൽ സ്ഥാനങ്ങൾ തേടുകയും നേടിയെടുക്കുകയും ചെയ്തു. ആ സ്ഥാനമാനങ്ങള്‍ യു എസ് ഗവണ്മെന്റിന്റെ പല രേഖകളിലേക്കും വിവരങ്ങളിലേക്കും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചു. യു എസ് വിദേശനയത്തെ ബാധിക്കുന്ന പല വിവരങ്ങളും അദ്ദേഹത്തിന് ലഭ്യമായിരുന്നു,” അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റിലായ റോച്ച (73) തിങ്കളാഴ്ച മിയാമിയിലെ ഫെഡറൽ ജഡ്ജിക്ക് മുന്നിൽ ഹാജരായി.

1981 മുതൽ 2002 വരെ റോച്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്നു എന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. 1994 മുതൽ 1995 വരെ വൈറ്റ് ഹൗസിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2006 മുതൽ 2012 വരെ യുഎസ് മിലിട്ടറിയുടെ സതേൺ കമാൻഡിന്റെ കമാൻഡറുടെ ഉപദേശകനായി പ്രവർത്തിച്ചു.

1981 മുതൽ ക്യൂബയെയും വാഷിംഗ്ടണിനെതിരായ രഹസ്യാന്വേഷണ ദൗത്യത്തെയും റോച്ച രഹസ്യമായി പിന്തുണച്ചിരുന്നതായി ഫ്ലോറിഡയിലെ സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖയിൽ യുഎസ് ആരോപിക്കുന്നു.

ക്യൂബയുടെ രഹസ്യ ക്യൂബൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് പ്രതിനിധിയായി 2022-ലും 2023-ലും നടത്തിയ മീറ്റിംഗുകളുടെ പരമ്പരയിൽ റോച്ച തന്റെ ദശാബ്ദങ്ങൾ ക്യൂബയ്ക്ക് വേണ്ടി പ്രവർത്തിച്ചതായി സമ്മതിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News