വയനാട്: 2020-21 വർഷത്തിൽ വയനാട് മുട്ടിൽ മരം മുറിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് 84,600 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് മരങ്ങളുടെ ഡിഎൻഎ പരിശോധനാഫലം അടങ്ങിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്.
കുറ്റപത്രത്തിൽ 420 സാക്ഷികളാണുള്ളത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ 12 പ്രതികളാണ് കേസിൽ ഉള്ളത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മുട്ടിൽ സൗത്ത് വില്ലേജ് മുൻ ഓഫീസർ കെ.കെ.അജി, സ്പെഷ്യൽ ഓഫീസർ സിന്ധു, മരം മുറിക്കുന്ന സംഘത്തെ സഹായിച്ചവരും കേസിൽ പ്രതികളാണ്. കുറ്റപത്രത്തിലെ വകുപ്പുകൾ പ്രകാരം പ്രതികൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം സർക്കാരിനായി നിക്ഷിപ്തമായ മരം മുറിച്ചതിന് ഭൂസംരക്ഷണ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം നടപ്പിലായ ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ പ്രതികൾ വെട്ടിമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. 1964ന് ശേഷം ഏറ്റെടുത്ത ഭൂമിയിൽ സ്വയം വെട്ടിയ മരങ്ങളോ കർഷകർ നട്ടുപിടിപ്പിച്ച മരങ്ങളോ വെട്ടിമാറ്റാൻ ഈ ഉത്തരവ് അനുവദിച്ചു. 500 വർഷത്തിലേറെ പഴക്കമുള്ള സംരക്ഷിത മരങ്ങളാണ് മുറിച്ചു മാറ്റിയത്. ഇതാണ് കുറ്റപത്രത്തിലെ പ്രധാന തെളിവെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ ഭൂവുടമകൾക്ക് വേണ്ടി വില്ലേജ് ഓഫീസിൽ പ്രതികൾ സമർപ്പിച്ച അപേക്ഷകൾ വ്യാജമാണെന്ന് തെളിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോലീസും റവന്യൂ വകുപ്പും പ്രതികൾക്കെതിരെ അന്വേഷണം നടത്തിവരികയാണ്.