പാലക്കാട്: 1991ൽ വീട്ടുമുറ്റത്ത് വെച്ച് കളിക്കവേ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട പതിനൊന്നുകാരി സിറാജുന്നീസയുടെ 32-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ‘ഇസ്ലാമോഫോബിയയുടെ ഇരയാണ് സിറാജുന്നീസ’ എന്ന തലക്കെട്ടിൽ സിറാജുന്നീസയുടെ രക്തസാക്ഷിത്വ മണ്ണായ പുതുപ്പള്ളിത്തെരുവിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് നിലനിൽക്കുന്ന ഭരണകൂട, പോലീസ് ഭീകരതക്കെതിരെ പോരാടാനുള്ള പ്രചോദനമാണ് 3 പതിറ്റാണ്ടുകൾക്കു ശേഷവും സിറാജുന്നീസയുടെ ഓർമകൾ പകർന്നു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് പി.എസ് അബൂഫൈസൽ, പാലക്കാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് കൗൺസിലർ എം. സുലൈമാൻ, കാജ ഹുസൈൻ, സലീൽ മുഹമ്മദ്, സിറാജുന്നീസയുടെ ബന്ധു സൗരിയത്ത് സുലൈമാൻ എന്നിവർ സംസാരിച്ചു.