നൂറനാട്: രണ്ട് പതിറ്റാണ്ടുകളായി ക്രിസ്തുമസ് ദിനത്തിൽ ലെപ്രസി സാനറ്റോറിയത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് സാന്ത്വന സംഗമം ഇക്കുറിയും നടന്നു.ഉറ്റവരിൽ നിന്നുള്ള ഒറ്റപ്പെടുത്തലിൻ്റെയും അവഗണനയുടെയും ലോകത്ത് നിന്ന് മാറി ചുറ്റുമതിലിനുള്ളിൽ കഴിയേണ്ടി വരുന്ന ആശയറ്റ ജീവിതങ്ങൾക്ക് സാന്ത്വനമായി ഇവർ മാറുകയാണ്.കോവിഡ് മൂലം ഒരു തവണ മുടങ്ങിയതൊഴിച്ചാൽ ഇത്തവണ കൊയിനോണിയ – സ്നേഹകൂട് – സൗഹൃദ വേദി നടത്തിയ 19-ാം മത് ക്രിസ്തുമസ് – സാന്ത്വന സംഗമം മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ അടൂർ നഗര സഭ ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സജീവ് പ്രായിക്കര, മുൻസിപ്പൽ കൗൺസിലർ മനസ്സ് രാജൻ, അടൂർ കസ്തൂർബാ ഗാന്ധി ഭവൻ കോർഡിനേറ്റർ മീരാസാഹിബ്, മോട്ടിവേഷൻ സ്പീക്കർ ബിനു തങ്കച്ചൻ മാവേലിക്കര, ബാബു വഞ്ചിപുരയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോളർ വി.എസ് ശുഭ ഹസ്സീന വള്ളികുന്നം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് തിരുപ്പിറവിയുടെ സന്തോഷം പങ്കുവെച്ചു.
2003 മുതൽ എല്ലാ ക്രിസ്തുമസ് ദിനത്തിലും ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഡോ.ജോൺസൺ വി.ഇടിക്കുള , എസ് മീരാ സാഹിബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.1994 ൽ ആദ്യമായി സാനറ്റോറിയം സന്ദർശിച്ചപ്പോൾ ഉണ്ടായ പ്രേരണ മൂലം ആണ് വർഷത്തിൽ ഒരു ദിനം ഇവരോടൊപ്പം ചെലവഴിക്കാൻ ഡോ.ജോൺസൺ വി. ഇടിക്കുള തീരുമാനിച്ചത്.
പല തവണയായി കൃത്രിമ കാലുകൾ, സീലിംങ്ങ് ഫാനുകൾ,സൗണ്ട് സിസ്റ്റം,വീൽ ചെയറുകൾ, ടെലിവിഷനുകൾ, വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, മരുന്നുകൾ, ക്രച്ചസുകൾ,മിക്സികൾ,ഗ്രൈൻ്റെർ എന്നിവ കൂടാത് സ്നേഹവിരുന്നും സംഘടിപ്പിക്കുന്നു.
2003 മുതൽ ക്രിസ്തുമസ് ദിനത്തിൽ മുടങ്ങാത് ലെപ്രസി സാനറ്റോറിയത്തിൽ സന്ദർശനം നടത്തി ജീവകാരുണ്യ പ്രവർത്തനം നടത്തിയതിന് ഇംഗ്ലണ്ട് ആസ്ഥാനമായ റിക്കോർഡ് ഹോൾഡേഴ്സ് റിപ്പബ്ലിക്ക് ,യു.ആർ.എഫ് റിക്കോർഡ് ,ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് എന്നിവ ഉൾപ്പെടെ 7 റിക്കോർഡുകൾ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് ലഭിച്ചിട്ടുണ്ട്.ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സേവനങ്ങൾക്ക് പിന്തുണയുമായി ആരോഗ്യ പ്രവർത്തകയായ ഭാര്യ ജിജിമോൾ മക്കൾ ബെൻ, ഡാനിയേൽ, സുഹൃത്തുക്കളും ഒപ്പം ഉണ്ട്.