എടത്വ: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സ സഹായ സമാഹരണം 13ന് നടക്കും.രാവിലെ 8ന് വാർഡുകളിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആദ്യ സംഭാവന സ്വികരിച്ച് വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിക്കും.
എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയ- ജാതി- മത ചിന്തകൾക്കതീതമായി ഉള്ള ജീവകാരുണ്യ പ്രവർത്തകരുടെ നേതൃ ത്വത്തിൽ രൂപികരിച്ച കൂട്ടായ്മയാണ് നേതൃത്വം നല്കുന്നത്.
തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും ആണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ഭവനങ്ങൾ സന്ദർശിക്കുന്നത്.
വിദ്യാർത്ഥിയായ അഭിനവിന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കുവാൻ എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂളും,തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളും രംഗത്തുണ്ട്. എടത്വ സെൻ്റ് അലോഷ്യസ് കോളജ് വിദ്യാർത്ഥികൾ സമാഹരിച്ച പണം പ്രിൻസിപ്പാൾ ഡോ. ഇന്ദുലാൻ സമിതിക്ക് കൈമാറും.പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയുടെ സഹായം ഫാദർ ബിജി വർഗ്ഗീസ് കൈമാറും.തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയും സഹായവുമായി രംഗത്തുണ്ട്.
പാണ്ടങ്കരി കൊച്ചു ശാസ്താക്ഷേത്രത്തിൽ ഇന്നലെ അവലോകന യോഗം ചേർന്നു.എ. ഡി. എസ് ചെയർപേഴ്സൺ രമ പുഷ്പൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എൻ.പി.രാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രമേശ് വി. ദേവ് .ട്രഷറാർ പി.സി. അഭിലാഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജുജോർജ്, പബ്ലിസിറ്റി കൺവീനർമാരായ ഡോ. ജോൺസൺ വി. ഇടിക്കുള ,ബിനോയി ജോസഫ്, മനോജ് മണക്കളം, കോയിൽമുക്ക് എസ്. എൻ.ഡി.പി സെക്രട്ടറി സുരേഷ്കുമാർ, ക്ഷേത്രം സെക്രട്ടറി സിനു രാധേയം, ജിനോ മണക്കളം, ജസ്റ്റസ് സാമുവൽ, ജെഫ്രി കാട്ടാംപ്പള്ളി, വിജീഷ് വാണിയപുരയ്ക്കൽ, ടി.എസ്. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. തലവടി പഞ്ചായത്ത് 8ാം വാർഡിൽ നടന്ന പൊതുസഭയിൽ ഗ്രാമ പഞ്ചായത്ത് അംഗം കലാ മധു, എഡിഎസ് സെക്രട്ടറി രാജേശ്വരി ലാൽ എന്നിവർ നേതൃത്വം നല്കി.