കൊല്‍ക്കത്ത: ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പോലീസ് വെള്ളിയാഴ്ച ആദ്യ അറസ്റ്റ് നടത്തി. പോലീസ് റെയ്ഡിനെ തുടർന്ന് മെഹബൂബ് മൊല്ല, സുകോമൾ സർദാർ എന്നീ രണ്ട് വ്യക്തികളെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി, തുടർ അന്വേഷണത്തിനായി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ പരാതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് രേഖപ്പെടുത്തിയ മൊഴി ശേഖരിക്കാൻ ബസിർഹട്ട് പൊലീസ് സ്റ്റേഷനിലെ ഡിഎസ്പി കൊൽക്കത്തയിലെ ഇഡി ആസ്ഥാനം വീണ്ടും സന്ദർശിച്ചു. എന്നാല്‍, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷെയ്ഖ് ഷാജഹാൻ ഒരാഴ്ച പിന്നിട്ടിട്ടും ഒളിവില്‍ തുടരുന്നു.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ നസാത്ത് പോലീസ് സ്‌റ്റേഷൻ നൽകിയ എഫ്‌ഐആറിനെതിരെ കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകിയ ശേഷം, മാർച്ച് 31 വരെ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന പോലീസിന് നിർബന്ധിത നടപടിയെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യാഴാഴ്ച നിരീക്ഷിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംഘടിപ്പിച്ച ഇഡി റെയ്ഡുകളെ ‘രാഷ്ട്രീയ പകപോക്കൽ’ എന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.