കോട്ടയം: ദ്രോണാചാര്യരുടെ ശിഷ്യത്വം സ്വീകരിച്ച ഏകലവ്യനെപ്പോലെ പാലാ കെ.എം. മാത്യൂ സാറിന്റെ ശിഷ്യത്വം താന്‍ ഏല്‍ക്കുകയായിരുന്നു എന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ കെ.എം. മാത്യു ജന്മദിന സമ്മേളനവും കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്യു സാറിന്റെ ഗാന്ധിദര്‍ശനവും മൂല്യബോധവും ഉള്‍ക്കൊണ്ട് അതില്‍ നിന്നും ആവേശത്തോടെ രാഷ്ട്രീയം വേണ്ടെന്നുവച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ തോളില്‍ ശിഷ്യന്മാരെ കയറ്റി ഇരുത്തി അവരെ ഉന്നതങ്ങളില്‍ എത്തിച്ചപ്പോഴും താഴെ നിന്നുകൊണ്ട് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുകയും ഒരിക്കല്‍ പോലും പരിഭവിക്കാതിരിക്കുകയും ചെയ്ത ഒരു മാതൃകാഗുരുവായിരുന്നു മാത്യു സാറെന്ന് ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ ശിഷ്യസമ്പത്തുള്ള അദ്ദേഹം ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ആഭിമുഖ്യം കാണിക്കത്തക്ക രീതിയില്‍ തന്നോട് സംസാരിച്ചിട്ടുപോലും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉല്‍കൃഷ്ടമായ പാരമ്പര്യമൂല്യങ്ങളെ മുറുകെ പിടിച്ച് അത് തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ ഒരു വ്യക്തിയായിരുന്നു പാലാ കെ.എം. മാത്യൂവെന്ന് സമ്മേളനത്തിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം പറഞ്ഞു. സൗമ്യനും ആദര്‍ശവ്യക്തതയും ഉള്ള ഒരു യഥാര്‍ത്ഥ ഗുരുവായിരുന്നു മാത്യൂസാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിത്വ വികസനത്തിലൂടെ സ്വഭാവ രൂപവല്‍ക്കരണത്തിലൂടെ മാത്യൂ സാര്‍ രൂപപ്പെടുത്തിയെടുത്ത യുവതലമുറ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ മണ്ഡലങ്ങളില്‍ ഉന്നതിയിലെത്തിയിട്ടുണ്ടെന്നും ജോര്‍ജ്ജ് ഏബ്രഹാം പറഞ്ഞു.
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എം. വേണുകുമാറിന്റെ ‘തമ്പുരാന്‍കുന്നിലെ സിനിമ വിശേഷങ്ങള്‍’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. 25000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ശ്രീ വേണുകുമാര്‍ മറുപടി പ്രസംഗം ചെയ്തു. അവാര്‍ഡ് ജൂറി അംഗവും ബാലസാഹിത്യത്തില്‍ ഡോക്ടേറ്റ് എടുത്ത രാജഗിരി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ലാലി യൂജിന്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും അനേകം കൃതികളുടെ രചയിതാവുമായ ശ്രീപാര്‍വ്വതി, കോട്ടയം ബസേലിയസ് കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷന്‍ പ്രൊഫ.ഡോ.തോമസ് കുരുവിള എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങള്‍.
പാലാ കെ.എം.മാത്യു ഫൗണ്ടേഷന്‍ ആരംഭിച്ച പ്രഭാഷണ പരമ്പരയിലെ പ്രഥമ പ്രഭാഷണം നടത്തിയത് കേരളത്തിലെ പ്രഗത്ഭനായ മോട്ടിവേഷണല്‍ പ്രാസംഗികന്‍ ശ്രീ.വി.കെ.സുരേഷ് ബാബു ആയിരുന്നു. ‘വളരുന്ന തലമുറ, തളരുന്ന സംസ്‌ക്കാരം’ എന്ന വിഷയം ആണ് അദ്ദേഹം അവതരിപ്പിച്ചത്.
തുടര്‍ന്ന് മുന്‍ കേരള ആഭ്യന്തര മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., മുന്‍ എം.പി.യും മുന്‍ എം.എല്‍.എയുമായ ശ്രീ.സുരേഷ്‌കുറുപ്പ്, ബി.ജെ.പി. ദേശീയ കമ്മിറ്റി അംഗം ശ്രീ.ജി.രാമന്‍നായര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. ഫൗണ്ടേഷന്‍ എക്‌സി. ഡയറക്ടര്‍ ശ്രീ.സോമു മാത്യു സമ്മേളനത്തിന് സ്വാഗതവും, ഡയറക്ടര്‍ ശ്രീ.കുര്യന്‍ ജോയി കൃതജ്ഞതയും പറഞ്ഞു.