എറണാകുളം: മൂക്കന്നൂർ, അങ്കമാലി കൂട്ടക്കൊലക്കേസിൽ ശിക്ഷ ഇന്ന് (ബുധൻ) വിധിക്കും. മൂക്കന്നൂർ സ്വദേശികളായ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഈ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. കേസിലെ പ്രതി ബാബു ക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
2018 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാബു സഹോദരൻ ശിവനെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ, അക്രമത്തിൽ ഇടപെടാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികൾക്കും ബാബു പരിക്കേൽപ്പിച്ചു. കൊലപാതകത്തെ തുടർന്ന് പ്രതി കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു സഹോദരൻ്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനും പ്രതി പദ്ധതിയിട്ടിരുന്നു. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടെ സേതുലക്ഷ്മി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തിയെങ്കിലും ഒടുവിൽ പ്രതി ശ്രമത്തിൽ നിന്ന് പിന്മാറി.