ടൊറൻ്റോ: കഴിഞ്ഞ വർഷം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറുമായി ബന്ധമുള്ള സിഖ് പ്രവർത്തകൻ്റെ വീടിന് നേരെ വെടിവയ്പ്പ്.
154 സ്ട്രീറ്റിലെ 2800 ബ്ലോക്കിന് സമീപം സ്ഥിതിചെയ്യുന്ന സൗത്ത് സറേയിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 1.:20 ന് ശേഷം നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സറേ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു.
വീട്ടുടമ നിജ്ജാറിൻ്റെ സുഹൃത്തായ സിമ്രൻജീത് സിംഗിന്റേതാണെന്ന് ബി.സി ഗുരുദ്വാരാ കൗൺസിലിൻ്റെ വക്താവ് മോനീന്ദർ സിംഗ് തിരിച്ചറിഞ്ഞതായി സിബിസി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
സിബിസി പറയുന്നതനുസരിച്ച്, വെടിവെപ്പിൽ ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചതു കൂടാതെ വീടിന്റെ ചുമരുകളില്‍ ഒന്നിലധികം ബുള്ളറ്റ് ദ്വാരങ്ങൾ ഉണ്ടായിരുന്നു.
സറേ ആർസിഎംപിയുടെ മേജർ ക്രൈം സെക്ഷനിലെ അന്വേഷകർ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞു. എന്നാൽ എത്ര തവണ വീടിന് നേരെ വെടിയുതിർത്തുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അയൽവാസികളുമായും സാക്ഷികളുമായും ഉദ്യോഗസ്ഥർ സംസാരിച്ചിട്ടുണ്ടെന്നും വെടിവയ്പ്പിനെക്കുറിച്ച് കൂടുതലറിയാൻ നിലവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കോർപ്പറൽ സർബ്ജിത് സംഗ പറഞ്ഞു.
“അന്വേഷണം ഇപ്പോഴും വളരെ പ്രാരംഭ ഘട്ടത്തിലാണ്, അതിനാൽ ഈ വെടിവയ്പ്പിൻ്റെ ഉദ്ദേശ്യം ഇപ്പോൾ വരെ നിർണ്ണയിച്ചിട്ടില്ല,” സംഗ സിബിസി ന്യൂസിനോട് പറഞ്ഞു.
നിജ്ജാറുമായുള്ള സിമ്രൻജീതിൻ്റെ ബന്ധമാണ് വെടിവെയ്പിന് കാരണമെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ വിശ്വസിക്കുന്നതായി മൊനീന്ദർ വാർത്താ ചാനലിനോട് പറഞ്ഞു.
ജനുവരി 26 ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാൻ സിമ്രൻജീത് സഹായിച്ചതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോനീന്ദർ പറയുന്നതനുസരിച്ച്, പ്രതിഷേധങ്ങൾക്കും ജീവനെക്കുറിച്ചുള്ള ഭയത്തിനും ശേഷം പിന്തുടരുന്നതായി റിപ്പോർട്ട് ചെയ്യാൻ സിമ്രൻജീത് ആർസിഎംപിയുമായി ബന്ധപ്പെട്ടിരുന്നു. പ്രത്യേക സിഖ് രാഷ്ട്രത്തിനായുള്ള സിമ്രൻജീതിൻ്റെ പ്രവർത്തനത്തെ വെടിവെപ്പ് തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.