ജൂലൈ ആദ്യവാരം വാഷിംഗ്ടണിൽ നടക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷനിൽ മലയാളികളുടെ പ്രിയപ്പെട്ട താരവും കൊല്ലം എം.എൽ. എയുമായി മുകേഷ് പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. മലയാളത്തിൻ്റെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളായ മുകേഷിൻ്റെ സാന്നിദ്ധ്യം ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ്റെ മാറ്റു കൂട്ടും. കാരണം മലയാളിക്ക് അത്രത്തോളം ഇഷ്ടമാണ് മുകേഷിനെയെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. സമ്പൂർണ്ണ കലാ കുടുംബത്തിൽ നിന്നും നാടകലോകത്തും, സിനിമാ ലോകത്തും സജീവമായ മുകേഷ് കൊല്ലം മണ്ഡലത്തിൻ്റെ എം.എൽ.എ കൂടിയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിലും ജനങ്ങൾക്ക് പ്രിയപ്പെട്ട രാഷ്ട്രീയക്കാരൻ കൂടിയാണ് അദ്ദേഹമെന്ന് ഡോ. ബാബു സ്റ്റീഫൻ കൂട്ടി ചേർത്തു.
നാടക , സിനിമാ വേദിയിൽ നിന്ന് മലയാള സിനിമയിലെത്തിയ മുകേഷ് സിനിമയിൽ ഇപ്പോഴും നിത്യസാന്നിദ്ധ്യമാണ്. പഴയ തലമുറയ്ക്കും , പുതിയ തലമുറയ്ക്കും ഏറെ ഇഷ്ടമുള്ള നടനാണ് മുകേഷ്.അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഫൊക്കാനാ അന്തർദ്ദേശീയ കൺവൻഷനെ കൂടുതൽ ജനകീയമാക്കും .
നടൻ,ടി.വി. ഷോ അവതാരകൻ, പൊതു പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം മലയാള സിനിമ ടെലിവിഷൻ മേഖലകളുടെ വിജയത്തിന് വലിയ പങ്കു വഹിച്ചിട്ടുണ്ട്.
പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും, വിജയകുമാരിയുടെയും മകനായി കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. ഇൻഫാൻട് ജീസസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകേഷ് കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ബി എസ് സി ബിരുദവും നേടി. അതിനുശേഷം തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്നും നിയമത്തിൽ ബിരുദവും കരസ്തമാക്കി.
നാടക അഭിനേതാക്കളായിരുന്ന തന്റെ മാതാപിതാക്കളോടൊപ്പം നാടകവേദികളുമായുള്ള പരിചയം അഭിനയത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തിനു പകർന്നുനൽകി. പഠനശേഷം നാടകാഭിനയവുമായി കഴിഞ്ഞുപോന്ന മുകേഷിന് നാടകത്തിലെ അഭിനയപരിചയം സിനിമയിലേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കി. 1982 ൽ റിലീസ് ചെയ്ത ബലൂൺ ആയിരുന്നു ആദ്യ സിനിമ. ആ വർഷം തന്നെ ഇറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു റോൾ ചെയ്തു. 1985 ൽ റിലീസ് ചെയ്ത മുത്താരം കുന്ന് പി ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ പ്രശസ്തനാക്കി. തുടർന്ന് അദ്ദേഹം ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അഭിനയിച്ചു,
മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തിനെ മലയാളത്തിലെ മുൻനിര നായകനായി മാറ്റി. ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, തൂവൽസ്പർശം, ഗോഡ് ഫാദർ…എന്നിങ്ങനെ ധാരാളം ഹിറ്റ് സിനിമകൾ മുകേഷിന്റെതായി ഇറങ്ങി. തൊണ്ണൂറുകളിൽ ആയിരുന്നു മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. മുകേഷ് – മോഹൻലാൽ, മുകേഷ് – ജയറാം, മുകേഷ് – ജഗദീഷ് കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് സിനിമകൾ ഇറങ്ങിയിരുന്നു. കുറച്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറി കാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി. വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതിനേടിയെടുത്തു. മുകേഷ് ഒരു നിർമ്മാണ കമ്പനി തുടങ്ങുകയും 2007 ൽ കഥപറയുമ്പോൾ എന്ന സിനിമ നിർമ്മിയ്ക്കുകയും ചെയ്തു. തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സിനിമ കൂടി നിർമ്മിച്ചു. കോടീശ്വരൻ, ബഡായി ബംഗ്ലാവ് തുടങ്ങി പ്രശസ്തമായ ഷോകൾ വിവിധ ചാനലുകളിൽ മുകേഷ് അവതരിപ്പിച്ചിട്ടുണ്ട്.
2016 ലും 2021 ലും സി പി എം സ്ഥാനാർത്ഥിയായി കൊല്ലത്തു നിന്നും കേരള നിയമസഭയിൽ എം എൽ എ ആയി തുടരുന്ന മുകേഷിൻ്റെ ഫൊക്കാന കൺവൻഷനിലേക്കുള്ള വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയിലെ അദ്ദേഹത്തിൻ്റെ ആരാധകർ.
ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറർ ബിജു കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ട്രസ്റ്റി ബോർഡ്, വിമൻസ് ഫോറം,നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ , ഫൊക്കാന കൺവൻഷൻ കമ്മിറ്റി ഭാരവാഹികൾ, ഫൊക്കാന ജനറൽ ബോഡി അംഗങ്ങൾ എല്ലാവരും മുകേഷിൻ്റെ സാന്നിദ്ധ്യം ഫൊക്കാന നാഷണൽ കൺവൻഷന്റെ വിജയത്തിന് ശക്തി പകരുമെന്ന് അറിയിച്ചു.