മുംബൈ: ജനുവരി 28 ന് കുവൈറ്റിൽ നിന്ന് ബോട്ടില്‍ യാത്ര ആരംഭിച്ച തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ കുവൈറ്റില്‍ നിന്ന് സൗദി അറേബ്യ-ദുബായ്-പാക്കിസ്താന്‍ വഴി അനധികൃതമായി ഇന്ത്യൻ തീരത്ത് പ്രവേശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂവരും സഞ്ചരിച്ച വഴിയും അന്താരാഷ്ട്ര പ്രദേശത്ത് അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കേണ്ടതിനാൽ ഫെബ്രുവരി 10 വരെ മൂവരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.
എന്നാൽ, തങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കുകയും മോശമായി പെരുമാറുകയും ചെയ്ത കുവൈറ്റ് തൊഴിലുടമയിൽ നിന്ന് അവർ രക്ഷപ്പെട്ടതാണെന്ന് അവരുടെ അഭിഭാഷകൻ അവകാശപ്പെട്ടു.
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള മൂവരും സഞ്ചരിച്ച വഴിയെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിന് പരിശോധനയ്ക്ക് അയയ്ക്കേണ്ട ബോട്ടിൽ നിന്ന് ജിപിഎസ് പോലീസ് കണ്ടെടുത്തതായി കോടതിയിൽ സമർപ്പിച്ച റിമാൻഡ് കുറിപ്പിൽ പറയുന്നു.
ജനുവരി 28 ന് കുവൈത്തിൽ നിന്ന് സൗദി അറേബ്യ, ഖത്തർ, ദുബായ്, മസ്‌കറ്റ്, ഒമാൻ, പാക്കിസ്താന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത് ഇന്ത്യൻ തീരത്ത് കടന്നതായി പ്രാഥമിക അന്വേഷണത്തിൽ മൂവരും പറഞ്ഞു. അതേക്കുറിച്ച് പോലീസിന് ഇതുവരെ വ്യക്തത വരുത്താനായിട്ടില്ലെന്ന് റിമാൻഡ് കുറിപ്പിൽ പറയുന്നു.
ചൊവ്വാഴ്ച രാവിലെ പട്രോളിംഗിനിടെയാണ് മുംബൈ തീരത്ത് ബോട്ട് കണ്ടെത്തിയത്. തുടർന്ന് നിത്സോ ഡിറ്റോ (31), വിജയ് വിനയ് ആൻ്റണി (29), ജെ സഹായത്ത അനീഷ് (29) എന്നിവർക്കെതിരെ പാസ്‌പോർട്ട് (പ്രവേശന) വകുപ്പുകൾ പ്രകാരം കേസെടുത്തു. രാജ്യത്ത് പ്രവേശിക്കുമ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാണ് കേസ്. ഇവരെ അറസ്റ്റ് ചെയ്ത് ഇവിടെയുള്ള മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് നിന്ന് ക്യാപ്റ്റൻ മദൻ എന്ന ഏജൻ്റ് മുഖേനയാണ് മൂവരും ജോലിക്കായി കുവൈത്തിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു.
പാസ്‌പോർട്ട് കൈവശം വച്ചിരുന്ന അബ്ദുല്ല ഷർഹീദിനൊപ്പം മത്സ്യത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇവർ. തൊഴിലുടമ സ്ഥിരമായി വേതനം നൽകിയിരുന്നില്ലെന്നും മർദ്ദിക്കുമായിരുന്നു എന്നും മൂവരും ആരോപിച്ചു.
“കുവൈറ്റിലെ ഒരു പ്രാദേശിക പോലീസ് സ്റ്റേഷനിലും അവിടത്തെ ഇന്ത്യൻ എംബസിയിലും ഇതേക്കുറിച്ച് പരാതിപ്പെട്ടതായി
ഇവര്‍ അവകാശപ്പെട്ടു. എന്നാൽ, മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് മൂവരും രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു, ” പോലീസ് പറഞ്ഞു.
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡിൻ്റെ (ബിഡിഡിഎസ്) സംഘം ബോട്ട് പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തു കണ്ടെത്താനായില്ല.
മൂവരും അന്താരാഷ്‌ട്ര അതിർത്തികൾ കടന്നതിനാൽ, കുവൈറ്റിൽ വെച്ച് അവർ ആരെയെങ്കിലും കണ്ടിട്ടുണ്ടോ, യാത്രയ്‌ക്കിടയിൽ സംശയാസ്‌പദമായ എന്തെങ്കിലും സാധനങ്ങളോ വ്യക്തികളോ ബോട്ടിൽ കയറ്റിപ്പോയിട്ടുണ്ടോ, അങ്ങനെ എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കേണ്ടതുണ്ട്. ദേശീയ അന്തർദേശീയ സുരക്ഷയ്ക്ക് ഹാനികരമാകുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് കുറിപ്പിൽ പറയുന്നു.
അവർ സാഹചര്യങ്ങളുടെ ഇരകളാണെന്ന് അഭിഭാഷകൻ സുനിൽ പാണ്ഡെ പറഞ്ഞു. ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ അവരെ ശരിയായി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“കുവൈറ്റിൽ തൊഴിലുടമ അവരോട് മോശമായി പെരുമാറി. അവർക്ക് വേതനം നൽകിയില്ല, പാസ്‌പോർട്ട് തിരികെ നൽകാത്തതിനാൽ അവരെ അവിടെ ബന്ദികളാക്കി. അതിനാൽ അവർ രക്ഷപ്പെട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തീരുമാനിച്ചു,” പാണ്ഡെ കോടതിയിൽ പറഞ്ഞു.
മൂവരുടേയും ഐഡൻ്റിറ്റിയും വിലാസവും തമിഴ്‌നാട്ടിലുള്ള അവരുടെ ബന്ധുക്കളിൽ നിന്ന് പരിശോധിച്ചതായി പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
ഈ സംഭവം സമുദ്ര സുരക്ഷാ വീഴ്ചയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. 2008 നവംബർ 26-ന് മുംബൈ തീരത്ത് കടൽമാർഗം കടന്ന പത്ത് പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ക്രൂരമായ സംഭവമാണ് ഇത് ഓർമ്മയിലേക്ക് കൊണ്ടുവന്നത്.