റിയാദ്: സൗദി അറേബ്യയിൽ പള്ളികളിൽ നോമ്പ് തുറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പള്ളികളിലെ ഇമാമുമാർക്ക് സൗദി ഇസ്ലാമിക് അഫയേഴ്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിലാണ് റമദാനിൽ പള്ളികളിൽ നോമ്പ് തുറക്കുന്നത് നിരോധിച്ചിരിക്കുന്നത്.
ഇഫ്താർ നിരോധിക്കുന്നതിൻ്റെ ഉദ്ദേശ്യം പള്ളികളിൽ ശുചിത്വം പാലിക്കുകയും ഉറപ്പാക്കുകയും ചെയ്യുകയാണെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നോമ്പ് തുറക്കുന്നതിനുള്ള ഒരു തരത്തിലുമുള്ള സംഭാവനകളും പള്ളികളിലെ ഇമാമുകൾ സ്വീകരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. റമദാനിൽ മസ്ജിദുകൾക്ക് പുറത്ത് നിശ്ചിത സ്ഥലങ്ങളിൽ നോമ്പ് തുറക്കാൻ അനുവദിക്കും.
പള്ളികളിലെ പ്രാർത്ഥനകളും മറ്റ് പ്രവർത്തനങ്ങളും റെക്കോർഡു ചെയ്യുന്നതും പ്രക്ഷേപണം ചെയ്യുന്നതും നിരോധിക്കും. റമദാനിൽ തറാവീഹ് നീട്ടുന്നത് പള്ളികളിലെ ഇമാമുകൾ ഒഴിവാക്കുകയും നോമ്പിൻ്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും വേണം. സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ മാർച്ച് 11 മുതൽ റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ട്.