എടത്വ:തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ഡോ.ജോൺസൺ വി ഇടിക്കുള പ്രസ്താവിച്ചു.തലവടി തെക്കെ കരയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി തലവടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.129-ാം നമ്പർ ബൂത്ത് പ്രസിഡൻ്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
പതിറ്റാണ്ടുകളായി പ്രദേശവാസികൾ അനുഭവിക്കുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയ ചിന്തകൾക്കതീതമായി ഉള്ള ജനകീയ കൂട്ടായ്മ ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബി.ജെ.പി തകഴി മണ്ഡലം സെക്രട്ടറി രമേശ് കുമാർ കുളക്കരോട്ട് മുഖ്യ സന്ദേശം നല്കി.
25 വർഷത്തിലധികമായി ശുദ്ധജലമെത്താത്ത തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി സ്കൂളിന് സമീപമുള്ള പൊതു ടാപ്പിൽ ബിജെപി തലവടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എൻ ഹരികുമാർ,പഞ്ചായത്ത് സെക്രട്ടറി മനോജ് മണക്കളം,മോർച്ച പഞ്ചായത്ത് സെക്രട്ടറി രതീഷ് പതിനെട്ടിൽച്ചിറ എന്നിവർ ചേർന്ന് പുഷ്പചക്രം സമർപ്പിച്ച് പ്രതിഷേധിച്ചു.
തലവടി തെക്കെ കരയിൽ 12-ാം വാർഡിൽ പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിയുന്നു.പ്രദേശവാസികളുടെ ഏക ആശ്രയം കിണറുകളാണ്.പാടശേഖരങ്ങളിലെയും വാച്ചാലുകളിലെയും തോടുകളിലെയും സമീപ ജലാശയങ്ങളിലെയും വെള്ളം വറ്റിയതോടെ കിണറുകൾ വറ്റി തുടങ്ങി.വെള്ളപൊക്ക സമയങ്ങളിൽ മലിനജലം ഉറവയായി ഇറങ്ങുന്നതുമൂലം കിണറുകളിലെ വെള്ളം ഉപയോഗപ്രദമല്ല.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും പ്രദേശത്തെ കിണറുകളിലെ ജലത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ഗുണമേന്മാ പരിശോധിക്കാൻ ആലപ്പുഴ ജില്ലാ എൻ വയോൺമെൻ്റൽ എഞ്ചിനിയർക്ക് നിർദ്ദേശം നല്കിയിരുന്നു.ആലപ്പുഴ എൻവയോൺമെൻ്റൽ എഞ്ചിനിയറോട് നലകിയ നിർദ്ദേശപ്രകാരം അസിസ്റ്റൻൻ്റ് എഞ്ചിനിയർ ആര്യ പ്രസന്നനൻ്റെ നേതൃത്വത്തിലുള്ള സംഘം സൗഹൃദ നഗറിലെത്തി ജലത്തിൻ്റെ ഗുണമേന്മ പരിശോധിക്കാൻ വിവിധ കിണറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു.പരിശോധന ഫലത്തിൽ ടോട്ടൽ കോളിഫോമിൻ്റെയും ഫീക്കൽ കോളിഫോമിൻ്റെയും അളവ് കൂടുതലാണെന്നും വെള്ള പൊക്ക സമയങ്ങളിൽ മലിനജലം കിണറുകളിലെ ജലവുമായി കൂടിക്കലരുന്നത് മൂലം ജലം നേരിട്ട് ഉപയോഗിക്കുന്നതിന് സാധ്യമല്ലാത്തതുമാണെന്ന് പ്രദേശത്തെ കിണറുകളിലെ ജലം ശുദ്ധികരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നല്കിയിരുന്നു.
തലവടി തെക്കെക്കരയിൽ പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ആർ നടരാജൻ 2014 ജൂലൈ 7ന് ഉത്തരവ് ഇട്ടിരുന്നു.ഈ ഉത്തരവുകൾ എല്ലാം ഉണ്ടെങ്കിലും പ്രദേശവാസികൾക്ക് ശുദ്ധജലം കിട്ടാക്കനിയാണ്.