ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം നൂതന പരിപാടികൾ പുതുമയാർന്ന അവതരണരീതികൾ എന്നിവ കൊണ്ട് ആകർഷകമായി. ഡാളസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം.
മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അസോസിയേഷൻ ആര്‍ട്ട് ഡയറക്ടർ ജെയ്സി ജോർജ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ ഉദ്ഘാടന പ്രസംഗം നടത്തി. ഝാന്‍സി റാണി, മാര്‍ഗരറ്റ് താച്ചർ, ഇന്ദിരാ ഗാന്ധി തുടങ്ങിയ വനിതകൾ ലോക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത ധീരതയുടെ പര്യായങ്ങൾ ആയിരുന്നുവെന്നു അവരിൽ നിന്നും ആവേശം ഉൾക്കൊണ്ട് പ്രവർത്തനനിരതരാകുവാൻ സ്ത്രീകൾ മുന്നോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്നു രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച വനിതയാണ് സോണിയാ ഗാന്ധിയെന്നും, അവരുടെ മാതൃക എല്ലാ വനിതകൾക്കും അനുകരണനീയമാണെന്നും നാഗനൂലിൽ പറഞ്ഞു. ലോക വനിതാ ദിനത്തിൽ എല്ലാ സഹോദരിമാർക്കും അമ്മമാർക്കും അദ്ദേഹം ആശംസകൾ നേര്‍ന്നു.
വനിതാദിന കവിത ശ്രീമതി ഉഷാ നായർ ആലപിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റീന തോമസ് മുഖ്യ പ്രഭാക്ഷണവും, സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തെ കുറിച്ച് ശ്രീമതി ലിഫി ചെറിയാനും പ്രഭാഷണം നടത്തി.
നാൽപ്പതിൽപരം ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡീസ്’ അണിനിരന്ന ഫാഷൻ ഷോ ഹാളിൽ തിങ്ങിനിറഞ്ഞ കാണികളുടെ മനം കവർന്നു. അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പറഞ്ഞു. സംഘടനയുടെ ആദ്യ ലോക വനിതാ ദിനാഘോഷ പരിപാടി ഇത്രയും വിജയകരമാക്കുന്നതിനു ആത്മാർത്ഥമായി പ്രവർത്തിച്ച അസോസിയേഷൻ ഭാരവാഹികൾ പ്രത്യകം അഭിനന്ദനം അർഹിക്കുന്നുവെന്നു മൻജിത് പറഞ്ഞു.
മുൻ പ്രസിഡന്റ് ബോബബ് കൊടുവത്ത്, ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം, ഡയറക്ടര്‍മാരായ സിജു വി ജോർജ്, രാജൻ ഐസക്, പീറ്റർ നെറ്റോ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് വിഭവസമൃദ്ധമായ അത്താഴ വിരുന്നും ആസ്വദിച്ചാണ് എല്ലാവരും പിരിഞ്ഞത്.