കോഴിക്കോട്: വിശുദ്ധ ഖുർആന്റെ വാർഷികാഘോഷമായ റമളാനിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനവുമായി മർകസ്. വിശുദ്ധ ഖുർആന്റെ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിലെ സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ സംബന്ധിച്ചു. മൗലിദ് സയ്യിദുൽ വുജൂദ്, ഖത്മുൽ ഖുർആൻ, മഹ്ളറത്തുൽ ബദ്രിയ്യ, വിർദുലത്വീഫ്, അസ്മാഉൽ ഹുസ്ന, സ്വലാത്തുൽ അവ്വാബീൻ, തസ്ബീഹ് നിസ്കാരം, തൗബ, തഹ്ലീൽ തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകളായി നടന്ന സമ്മേളനം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഇന്നലെ(വെള്ളി) പുലർച്ചെ മൂന്നു മണിവരെ നീണ്ടു.
നിയമപ്രകാരമുള്ള വിവിധ ഖുർആൻ പാരായണ ശൈലികൾ പരിചയപ്പെടുത്തുന്ന ളിയാഫത്തുൽ ഖുർആൻ സംഗമത്തോടെയാണ് രാത്രി 11 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ ഖുർആൻ സമ്മേളനത്തിന്റെ മുഖ്യ ചടങ്ങുകൾക്ക് തുടക്കമായത്. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ദൗറത്തുൽ ഖുർആൻ, തഫ്സീറുൽ ഖുർആൻ, ഖിറാഅത്തുൽ ഖുർആൻ, സഹ്റത്തുൽ ഖുർആൻ തുടങ്ങി വിവിധ മർകസ് ഖുർആൻ പദ്ധതികളെ അദ്ദേഹം പരിചയപ്പെടുത്തി. സമാപന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, റഊഫ് സഖാഫി, ഡോ. അബ്ദുസ്സലാം, ശുക്കൂർ സഖാഫി വെണ്ണക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, സി പി ഉബൈദുല്ല സഖാഫി സംബന്ധിച്ചു.