തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെള്ളിയാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ 86 സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ തള്ളി.
ഇതോടെ സ്ഥാനാർത്ഥികളുടെ എണ്ണം 204 ആയി കുറഞ്ഞതായി ചീഫ് ഇലക്ടറൽ ഓഫീസർ (കേരളം) സഞ്ജയ് കൗൾ പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ 8ന് അവസാനിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും കൗൾ പറഞ്ഞു.
പത്രിക സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ കേരളത്തിൽ 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.
നിലവിൽ കോട്ടയം (14), തിരുവനന്തപുരം (13), കോഴിക്കോട് (13), കണ്ണൂർ (12) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്.
നിയോജകമണ്ഡലം തിരിച്ചുള്ള നിലവിലെ സ്ഥാനാർത്ഥികളുടെ എണ്ണം (ബ്രാക്കറ്റിൽ നിരസിച്ച സ്ഥാനാർത്ഥികളുടെ എണ്ണം): തിരുവനന്തപുരം 13 (നിരസിക്കപ്പെട്ടവർ 9), ആറ്റിങ്ങൽ 7 (7), കൊല്ലം 12 (3), പത്തനംതിട്ട 8 (2), മാവേലിക്കര 10 (4), ആലപ്പുഴ 11 (3), കോട്ടയം 14 (3), ഇടുക്കി 8 (4), എറണാകുളം 10 (4), ചാലക്കുടി 12 (1), തൃശൂർ 10 (5), ആലത്തൂർ 5 (3), പാലക്കാട് 11 (5), പൊന്നാനി 8 (2) , മലപ്പുറം 10(4), വയനാട് 10 (2), കോഴിക്കോട് 13 (2), വടകര 11 (3), കണ്ണൂർ 12 (6), കാസർകോട് 9(4).