കൊച്ചി: വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ വാളകത്ത് കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 10 പേരെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
വാളകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. മരത്തിൽ കെട്ടിയിട്ട് മർദിച്ചെന്നാണ് പരാതി.
പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പ്രകാരം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബന്ധുവിനൊപ്പം സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്തിയപ്പോൾ രാത്രി 9.30 ഓടെ നാട്ടുകാർ ഇയാളെ തടഞ്ഞു. മരത്തിൽ കെട്ടിയിട്ട് മർദിച്ചതിനെ തുടർന്ന് അയാൾ കുഴഞ്ഞുവീണു.
അശോക് ദാസ് വീട്ടിൽ ബഹളം ഉണ്ടാക്കിയെന്നും ഗ്ലാസ് തകർത്ത ശേഷം കൈയിൽ രക്തവുമായി പുറത്തേക്ക് വരുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യുന്നതിനായി പരിസരവാസികൾ ഇയാളെ തടഞ്ഞുനിർത്തി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടരുകയായിരുന്നു എന്നു പറയുന്നു.
ഉടൻ തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം രക്തസ്രാവവും ശ്വാസകോശത്തിനേറ്റ ക്ഷതവും ആണെന്ന് സംശയിക്കുന്നതിനാൽ, 25 ഓളം വരുന്ന ആൾക്കൂട്ടത്തിലെ 10 പേരെ പോലീസ് പിടികൂടി.
ഇയാൾ മദ്യപിച്ച ശേഷം പ്രശ്നങ്ങള് സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും അത് പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് സദാചാര പോലീസിംഗാണോ അതോ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതാണോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി നിയമത്തിലെ 174-ാം വകുപ്പ് പ്രകാരമാണ് പോലീസ് ആദ്യം കേസെടുത്തതെങ്കിലും, വകുപ്പുകളിൽ മാറ്റം വരുത്താനും ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.