തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലമാക്കിയത് വിവാദമായതോടെ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച വിഷയത്തിൽ വിശദീകരണം തരാന്‍ സ്റ്റേറ്റ് അറ്റോർണിയോട് നിർദ്ദേശിച്ചത്.

ഇക്കഴിഞ്ഞ തൃശൂർ പൂരം ക്ഷേത്രോത്സവത്തിനെത്തിയ ജനക്കൂട്ടത്തെയും കലാകാരന്മാരെയും നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശിയും ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹിയുമായ പി സുധാകരൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്

കമ്മീഷണർ അങ്കിത് അശോകൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ആചാരപരമായ ചടങ്ങുകളായ മഠത്തിൽ വരവ് നടത്തുന്നതിൽ തടസമുണ്ടാക്കി. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ചു കയറി. വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ തടഞ്ഞു തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹർജി.

അങ്കിത് അശോകനെതിരെ വകുപ്പുതല അന്വേഷണവും നടപടിയും സ്വീകരിക്കാൻ സർക്കാർ, ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി എന്നിവരോട് കോടതി നിർദേശം നൽകണം, ജില്ലാ ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.

അങ്കിത് അശോകൻ തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയും മതാചാരങ്ങളും ആചാരങ്ങളും തടയാനും അതുവഴി നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങൾ മനഃപൂർവം തടസ്സപ്പെടുത്താനും നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് സുധാകരൻ്റെ വാദം. ജാഥയ്ക്ക് മുന്നിൽ ‘കുത്തുവിളക്ക്’ പിടിച്ചവരിൽ ഒരാളെ പൊലീസ് മർദ്ദിച്ചതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പൂര സമയത്തും ഭക്തർക്ക് മേൽ പൊലീസ് ലാത്തിവീശിയെന്നും ആചാരപരമായ അനുഷ്‌ഠാനങ്ങളിൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹർജി ഹൈക്കോടതി മെയ് 22 ന് വീണ്ടും പരിഗണിക്കും.

 

Print Friendly, PDF & Email

Leave a Comment

More News