റിയാദ് : വ്യാജ ഹജ്ജ് ഏജന്റുമാരുടെ കബളിപ്പിക്കലിന് ഇരയാകുന്നതിനെതിരെ സൗദി അറേബ്യ 1445 AH-2024 ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മുന്നറിയിപ്പ് നൽകി.
വ്യാജ ഹജ് കമ്പനികൾ/ഏജന്റുമാര്‍ ആകര്‍ഷകമായ നിരക്കില്‍ തീർത്ഥാടനം സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട് വിവിധ രാജ്യങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പരസ്യങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കാറുണ്ടെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏപ്രിൽ 26 വെള്ളിയാഴ്ച എക്സിലൂടെ പറഞ്ഞു.
ഇക്കാര്യത്തിൽ, 25 ലധികം ഏജന്റുമാരെ അറസ്റ്റ് ചെയ്യുന്നതിൽ സഹകരിച്ചതിന് സൗദി മന്ത്രാലയം ഇറാഖി സുപ്രീം അതോറിറ്റി ഹജ്, ഉംറയെ പ്രശംസിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനത്തെ ചെറുക്കാൻ മറ്റ് രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
മന്ത്രാലയം പറയുന്നതനുസരിച്ച്, ഉംറ, വിനോദസഞ്ചാരം, ജോലി, കുടുംബ സന്ദർശനം, ട്രാൻസിറ്റ് വിസകൾ, മറ്റ് തരത്തിലുള്ള വിസകൾ എന്നിവ ഹജ്ജ് ചെയ്യാൻ യോഗ്യമാക്കുന്നില്ല.
“സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ഹജ് വിസ ഉപയോഗിച്ച് മാത്രമേ ഹജ് കര്‍മ്മം ചെയ്യാന്‍ കഴിയൂ എന്നും മറ്റ് രാജ്യങ്ങളുമായി അവരുടെ ഹജ് കാര്യ ഓഫീസുകൾ വഴിയോ അല്ലെങ്കിൽ ഔദ്യോഗിക ഹജ് ഓഫീസുകളില്ലാത്ത രാജ്യങ്ങൾക്കായുള്ള ‘നുസുക് ഹജ്’ പ്ലാറ്റ്ഫോം വഴിയോ മാത്രമേ ഹജ് വിസ എടുക്കാന്‍ കഴിയൂ” എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം പറഞ്ഞു.
വ്യാജ ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വീഴുന്നത് സാമ്പത്തിക നഷ്ടവും ഹജ്ജ് നിർവഹിക്കാനുള്ള കഴിവില്ലായ്മയും ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ഏതെങ്കിലും വ്യാജ ഹജ്ജ് കമ്പനികൾ/ഏജന്റുമാരെക്കുറിച്ച് വിവരമുണ്ടെങ്കില്‍ ഉടൻ റിപ്പോർട്ട് ചെയ്യാനും ഔദ്യോഗിക ചാനലുകളിൽ നിന്ന് പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ തേടാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
2024-ലെ ഹജ്ജ് വിസകൾ നൽകുന്നത് മാർച്ച് 1 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കുകയും 2024 മെയ് 9 ന് തീർത്ഥാടകർ രാജ്യത്ത് എത്താൻ തുടങ്ങുകയും ചെയ്യും.
ഈ വർഷം ജൂൺ 14ന് ഹജ്ജ് കർമ്മം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മക്കയിലേക്കുള്ള ഹജ്ജ് തീർത്ഥാടനം ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കാൻ ശാരീരികമായും സാമ്പത്തികമായും കഴിവുള്ള മുസ്ലിംകൾക്ക് നിർബന്ധിത മതപരമായ കടമയാണ്.
وزارة الحج والعمرة تحذر من الانسياق خلف الإعلانات الوهمية، وتدعو الجميع لمتابعة الجهات الرسمية للحصول على المعلومات الموثّقة. #مكة_والمدينة_في_انتظاركم_بشوق pic.twitter.com/xnIxR5nTJY
— وزارة الحج والعمرة (@HajMinistry) April 26, 2024