റിയാദ്: മറ്റ് ജിസിസി പങ്കാളികളുമായി സഹകരിച്ച് ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.
ഏപ്രിൽ 28, 29 തീയതികളിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന പ്രത്യേക ദ്വിദിന വേൾഡ് ഇക്കണോമിക് ഫോറം യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത് പ്രാബല്യത്തിൽ വന്നാൽ, ജിസിസി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയർത്തിക്കാട്ടുന്നതിനും, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, ദീർഘകാലത്തേക്ക് നിലനിർത്തുന്നതിനും ഇത് സഹായകമാകും. അങ്ങനെ ഹോട്ടൽ അതിഥികളുടെ എണ്ണം വർദ്ധിപ്പിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ
2023 ഒക്ടോബർ എട്ടിന് ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ നടന്ന യോഗത്തിൽ ജിസിസി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായി ഗൾഫ് വിസയ്ക്ക് അംഗീകാരം നൽകിയിരുന്നു.
പുതിയ സിംഗിൾ ടൂറിസ്റ്റ് വിസയിലൂടെ – ഷെഞ്ചൻ ശൈലിയിലുള്ള വിസയ്ക്ക് സമാനമായി, വിനോദസഞ്ചാരികൾക്ക് യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാം.
2024-നും 2025-നും ഇടയിൽ ജിസിസി രാജ്യങ്ങൾക്കായി ഏകീകൃത ഷെഞ്ചൻ ശൈലിയിലുള്ള ടൂറിസ്റ്റ് വിസ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒക്ടോബർ 23 ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പ്രഖ്യാപിച്ചിരുന്നു.
ജിസിസി 2030 ടൂറിസം തന്ത്രത്തിൻ്റെ പ്രാദേശിക യാത്രാ നിരക്കും ഹോട്ടൽ താമസ നിരക്കും വർധിപ്പിക്കുന്നതിന് ഏകീകൃത വിസകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അബ്ദുല്ല ബിൻ തൗഖ് ഊന്നിപ്പറഞ്ഞു.