ബെംഗളൂരു: നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന ഹാസൻ എംപിയും ബിജെപി-ജെഡി (എസ്) സഖ്യത്തിൻ്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ പ്രജ്വല് രേവണ്ണ അവസാനം മൗനം വെടിഞ്ഞു.
തൻ്റെ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചയുടൻ രാജ്യം വിട്ട എംപി, മൂവായിരത്തോളം വ്യക്തമായ വീഡിയോകളുടെ വൻശേഖരത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരാകാൻ ഏഴു ദിവസത്തെ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
“അന്വേഷണത്തിൽ സഹകരിക്കാന്‍ ഞാൻ ബാംഗ്ലൂരിൽ ഇല്ലാത്തതിനാൽ, ഞാൻ എൻ്റെ അഭിഭാഷകൻ മുഖേന ബാംഗ്ലൂർ സിഐഡിയെ അറിയിച്ചു. സത്യം വിജയിക്കും,” മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) കുലപതിയുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പാചകക്കാരിയും ബന്ധുവും നൽകിയ പരാതിയിൽ എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ ഹൊലേനരസിപുരയിൽ കേസെടുത്തിരുന്നു. പ്രജ്വല് തൻ്റെ മകള്‍ക്ക് വീഡിയോ കോളുകൾ ചെയ്യുകയും ആക്ഷേപകരമായ രീതിയിൽ സംസാരിക്കുകയും ചെയ്തു, ഇതാണ് അയാളെ ബ്ലോക്ക് ചെയ്യാന്‍ തന്നെ നിർബന്ധിതയാക്കിയതെന്ന് അവർ ആരോപിച്ചു.
ഹാസനിൽ നിന്ന് ജെഡി (എസ്) ടിക്കറ്റിൽ വീണ്ടും ജനവിധി തേടുന്ന എംപി തൻ്റെ അഭിഭാഷകൻ അരുൺ ജി വഴിയാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (എസ് ഐ ടി) കത്ത് അയച്ചത്. അതിൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.