തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ. മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള ആസൂത്രിത നീക്കമാണിതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയത്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ആര്യക്കെതിരായ ആക്രമണത്തെ ഡിവൈഎഫ്ഐ ശക്തമായി നേരിടുമെന്നും വികെ സനോജ് സൂചിപ്പിച്ചു.
ആര്യയുടെ പ്രതികരണം ശരിയായിരുന്നു. ലൈംഗികാതിക്രമം ഉണ്ടായാൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ആര്യ പ്രതികരിച്ചതുപോലെ എല്ലാ പെൺകുട്ടികളും പ്രതികരിക്കണം. തെമ്മാടിത്തരം കാണിക്കുന്നവരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയാണ്. എന്നാൽ, ആര്യക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും വികെ സനോജ് അഭിപ്രായപ്പെട്ടു.
മറ്റേതെങ്കിലും പെൺകുട്ടി ഇതുപോലെ പ്രതികരിച്ചിരുന്നെങ്കിൽ അവൾ ഒരു വീരവനിതയാകുമായിരുന്നു. എന്നാൽ എല്ലാവരും ആര്യയെ ആക്രമിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ആര്യക്കെതിരെ സംഘടിതമായാണ് ആക്രമണം നടക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം, മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. നിലവിൽ തൃശൂരിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് ബസ്. ഈ ബസ് തിരിച്ചെത്തിയാലുടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്തയച്ചിട്ടുണ്ട്. ബസിന്‍റെ വേഗത, അലക്ഷ്യമായ ഓവർടേക്കിങ് നടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സംഭവം നടക്കുമ്പോൾ ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുമുണ്ട്.
ആര്യ രാജേന്ദ്രന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ, സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്‍റുകള്‍ നിറയുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്.