ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിന് 34.85 ബില്യൺ യുഎസ് ഡോളർ ചിലവു വരുന്ന കൂറ്റൻ പുതിയ പാസഞ്ചർ ടെർമിനലിന് അംഗീകാരം നൽകി.
ഇതോടെ 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായി മാറും.
പുതിയ വിമാനത്താവളം ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ അഞ്ചിരട്ടി വലുപ്പമുള്ളതായിരിക്കും, വരും വർഷങ്ങളിൽ എല്ലാ പ്രവർത്തനങ്ങളും നിലവിലുള്ള വിമാനത്താവളത്തിൽ നിന്ന് അൽ മക്തൂം ഇൻ്റർനാഷണലിലേക്ക് മാറ്റാൻ പദ്ധതിയിടുന്നു.
പുതിയ വിമാനത്താവളത്തിൽ 400 ടെർമിനൽ ഗേറ്റുകളും അഞ്ച് റൺവേകളും ഉണ്ടായിരിക്കും, ഇത് മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സിൻ്റെയും അതിൻ്റെ സഹോദരി എയര്‍ലൈനായ ഫ്ലൈ ദുബായ്‌യുടെയും ദുബായിയെ ലോകത്തിൻ്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റ് എയർലൈൻ പങ്കാളികളുടെയും ആസ്ഥാനമാക്കി മാറ്റും. ഈ വികസനം ആഗോളതലത്തിൽ ഒരു പ്രമുഖ വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതായി ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് പുതിയ വ്യോമയാന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും ലോകത്തിലെ ഏറ്റവും വലിയ കപ്പാസിറ്റി എന്ന ബഹുമതി നേടുകയും ചെയ്യും. വിമാനത്താവളം വികസിക്കുമ്പോൾ, 400 എയർക്രാഫ്റ്റ് ഗേറ്റുകൾ സ്ഥാപിക്കുന്നതിലും അഞ്ച് സമാന്തര റൺവേകളെ പിന്തുണയ്ക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും. ഇത് വ്യോമയാന മേഖലയിൽ ദുബായിയുടെ തുടർച്ചയായ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലായി മാറും.