തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലം മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാതെ സ്പോട്ട് ബുക്കിംഗ് നടത്തി ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മുൻകൂർ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമേ ഇനി ശബരിമല ദർശനം സാധ്യമാകൂ. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.
ഇന്ന് (മെയ് 4) ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ബുക്കിംഗ് 80,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് മാസം മുമ്പേ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം.
നേരത്തെ 10 ദിവസം മുൻപേ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമായിരുന്നു. കഴിഞ്ഞ സീസണിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അനിയന്ത്രിതമായ തിരക്ക് കാരണം ദർശനത്തിന് ശ്രമിക്കാതെ ഭക്തർ തീർഥാടനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യമുണ്ടായി. അതേസമയം, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിംഗിൽ ഇളവ് നൽകണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
ശബരിമലയിൽ ദിവസ വേതനക്കാരായി ഇതര സംസ്ഥാനക്കാരെ നിയമിക്കണമോയെന്നതാണ് ബോർഡ് യോഗത്തിലെ മറ്റൊരു തീരുമാനം. അരളി പൂവ് പൂജയ്ക്ക് എടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണകാരണം അരളി പൂവ് കടിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചാൽ ഇതൊഴിവാക്കാമെന്ന് അവലോകന യോഗത്തിൽ ധാരണയായി.
സ്പോട്ട് ബുക്കിംഗാണ് തിരക്കിന് കാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ സീസണിലേക്ക് സ്പോട്ട് ബുക്കിംഗ് വേണ്ടെന്ന് തത്വത്തിൽ തീരുമാനം എടുത്തത്. അയ്യപ്പ ദർശനത്തിനെത്തുന്നവരെ ഇരുമുടിക്കെട്ടുകളുമായി തിരിച്ചയക്കുന്നത് ശരിയല്ലെന്ന അടിസ്ഥാനത്തിലാണ് തീർഥാടകർക്ക് സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയിരുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. പ്രതിദിനം 1,20,000-ത്തിലധികം തീർഥാടകർ ശബരിമലയിൽ എത്തുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ മണ്ഡലകാലത്ത് ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ച് തിരക്ക് നിയന്ത്രിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 90,000 പേരും സ്പോട്ട് ബുക്കിംഗിലൂടെ ഇരുപതിനായിരത്തോളം പേരും പുൽമേട് കാനന പാതയിലൂടെ ശരാശരി അയ്യായിരവും എത്തിയതോടെ നിയന്ത്രണങ്ങൾ പാലിക്കപ്പെടാന്‍ കഴിഞ്ഞില്ല.