മെക്സിക്കോ സിറ്റി: ഒരു അമേരിക്കക്കാരനെയും രണ്ട് ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരികളെയും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷം ബാജ കാലിഫോർണിയ സംസ്ഥാനത്ത് മൂന്ന് മൃതദേഹങ്ങൾ മെക്‌സിക്കൻ അധികൃതർ കണ്ടെത്തിയതായി പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ഓസ്‌ട്രേലിയൻ സഹോദരന്മാരായ കല്ലം, 33, ജേക്ക് റോബിൻസൺ, 30, അമേരിക്കക്കാരനായ കാർട്ടർ റോഡ്, 30 എന്നിവരെ അവസാനമായി കണ്ടത് ഏപ്രിൽ 27 നാണെന്ന് കാലിഫോർണിയ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
അവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധനകൾ സംസ്ഥാന ലബോറട്ടറി നടത്തുമെന്നും, മൃതദേഹങ്ങൾ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി മൃതദേഹങ്ങൾ കണ്ടെത്തിയ ദുർഘടമായ പ്രദേശത്ത് അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിന്ന് 90 മിനിറ്റ് തെക്ക്, പ്രശസ്തമായ വിനോദസഞ്ചാര നഗരമായ എൻസെനാഡയ്ക്ക് സമീപം അവധിക്കാലം സർഫിംഗ് നടത്തുകയായിരുന്നു അവര്‍ മൂന്നു പേരും.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്വേഷിച്ചുവരികയാണെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ സൊകോറോ ഇബാറ വ്യാഴാഴ്ച പറഞ്ഞു.
കാണാതായവരെ അവസാനമായി കണ്ട പ്രദേശത്ത് ടെൻ്റുകൾ കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. കത്തിനശിച്ച വെള്ള പിക്കപ്പ് ട്രക്കും പ്രദേശത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ബജ കാലിഫോർണിയ. എന്നാല്‍, എൻസെനഡ പ്രദേശം സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലും കാരണം അവിടെക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അമേരിക്കക്കാരെ ഉപദേശിക്കുന്നുണ്ട്.
മെക്സിക്കോയിലെ തങ്ങളുടെ എംബസി മെക്സിക്കൻ അധികൃതരുമായും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇത് കുടുംബത്തിന് വളരെ വിഷമകരമായ സമയമാണെന്ന് വിദേശകാര്യ, വ്യാപാര വകുപ്പ് മനസ്സിലാക്കുന്നു. അവര്‍ക്ക് എല്ലാ പിന്തുണയും നൽകുന്നതിന് അവരുമായി പതിവായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു.