തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വേനൽ മഴ കാത്തിരിക്കുന്ന കേരള ജനതയ്‌ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 14 നും തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 15 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 16നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലർട്ട് ഉണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് 24 മണിക്കൂർ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നർത്ഥം.