സൗത്ത് ഫ്ലോറിഡ: നവകേരള മലയാളി അസോസിയേഷൻ നിലവിലെ പ്രസിഡന്റും , സെക്രട്ടറിയും ചേർന്ന് നടത്തുന്ന ഏകപക്ഷീയവും, ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ജനറൽ ബോഡി യോഗം. നിലവിലെ പ്രസിഡന്റ് ഏലിയാസ് പനങ്ങയിലെയും, സെക്രട്ടറി കുര്യൻ വര്ഗീസിനെയും സംഘടനയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്തു കൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി .കൂടാതെ സംഘടനയിൽ പ്രാഥമിക അംഗത്വത്തിന് അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപെടുത്താനായുള്ള നിർദ്ദേശത്തിനും ജനറൽ ബോഡി അംഗീകാരം നൽകി .
മെയ് 12ന് ഗാന്ധി സ്ക്വാറിൽ വച്ച് നവ കേരള മലയാളി അസോസിയേഷന്റെ അടിയന്തര പൊതുയോഗം വൈസ് പ്രസിഡണ്ട് സുശീൽ നാലകത്തിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. മുൻ പ്രസിഡൻറ് വിൻസെൻറ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.
നിലവിൽ നവകേരളയിൽ സംജാതമായിരിക്കുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും, 30 വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് സംഘടന നേടിയെടുത്ത യശസ്സ് നഷ്ടപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളെയും ജനറൽ ബോഡി ശക്തമായി അപലപിക്കുകയും ചെയ്തു .
സമൂഹമാധ്യമങ്ങളിലൂടെ നവകേരളയെയും ഭൂരിപക്ഷ കമ്മിറ്റിക്കാരെയും അപകീർത്തിപ്പെടുത്തുന്ന രീതിയെയും യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംഘടനയിലെ ഏകപക്ഷീയ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ അനുരഞ്ജന ചർച്ച നടത്തിയ മുൻ പ്രസിഡന്റുമാരായ മാത്യു വർഗീസ് , സാജു വടക്കേൽ ,സുരേഷ് നായർ ,ജെയിൻ വാത്യേലിൽ , ജോബി പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ അഭിപ്രായങ്ങൾ മാനിക്കാൻ പ്രസിഡന്റും സെക്രട്ടറിയും തയാറായില്ലെന്ന് യോഗത്തിൽ വിശദീകരിച്ചു.
18 അംഗ കമ്മറ്റിയിൽ 12 പേരുടെ അഭിപ്രായങ്ങൾക്ക് വില നൽകാതെയുള്ള നിലവിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പ്രവർത്തനങ്ങൾ സംഘടനാ വിരുദ്ധവും , ജനാധിപത്യ വിരുദ്ധവുമാണെന്നും അതിനാൽ നിലവിലുള്ള പ്രസിഡന്റിനെയും, സെക്രട്ടറിയേയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി. തുടർന്ന് നിലവിലെ വൈസ് പ്രസിഡൻറ് സുശീൽ നാലകത്തിന് പ്രസിഡന്റിന്റെ അധിക ചുമതലയും, നിലവിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ നിന്നും ലിജോ പണിക്കരെ സെക്രട്ടറി ഇൻ ചാർജ് ആയും ജനറൽ ബോഡി തെരെഞ്ഞെടുത്തു.
മുൻ പ്രസിഡന്റുമാരായ ജോസ് പാനികുളങ്ങര , ഷീല ജോസ്, റജി തോമസ് , ജയിംസ് ദേവസ്യ , ജെയിൻ വാത്യേലിൽ എന്നിവർ ഉൾപ്പെടുന്ന ഉപദേശക സമിതിക്കും ജനറൽ ബോഡി അംഗീകാരം നൽകി.
കമ്മിറ്റിയുടെ സുഖമായ നടത്തിപ്പിനായി പൊതുയോഗത്തിൽ നിന്നും ശ്രീ മാത്യുപൂവൻ ശ്രീ ജോൺസൺ മച്ചാനിക്കൽ എന്നിവരെ കമ്മിറ്റി മെമ്പർമാരായി പൊതുയോഗം തിരഞ്ഞെടുത്തു.
നിലവിലെ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുശീൽ നാലകത്ത് – വൈസ് പ്രസിഡൻറ്, സൈമൺ പാറത്താഴം – ട്രഷറർ, ജോയിൻറ് ട്രഷറർ ബെന്നി വർഗീസ് , ഷിബു സ്കറിയാ – എക്സ്. ഒഫീഷ്യയോ. കമ്മറ്റി അംഗങ്ങളായ ജിൻസ് തോമസ്, റിച്ചാർഡ് ജോസഫ്, ബിനോയ് നാരായണൻ, മെൽക്കി ബൈജു, ദീപു സെബാസ്റ്റ്യൻ, അഖിൽ നായർ, അഭിലാഷ് ശശിധരൻ എന്നിവരും ,
മുൻ പ്രസിഡന്റുമാരായ മാത്യു വർഗീസ് ,ജോൺ ഉണ്ണുണ്ണി , ജോസ് പാനികുളങ്ങര , സജു വടക്കേൽ , ഷീല ജോസ്, റജി തോമസ് , എബി ആനന്ദ് ,ജയിംസ് പുളിക്കൽ, സുരേഷ് നായർ , ജോബി പൊന്നുംപുരയിടം , ജെയിൻ വാത്യേലിൽ , ഷിബു സ്കറിയാ എന്നിവർ ജനറൽ ബോഡിക്ക് നേതൃത്വം നൽകി. സാങ്കേതികരമായ കാരണത്താൽ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുൻ പ്രസിഡന്റുമാരായ ബാബു ചാക്യാത്ത് , ആൻ്റണി തോമസ് , മേരി നിക്കോളാസ്, ബിജോയ് എബ്രഹാം എന്നിവരും യോഗ തീരുമാനങ്ങൾക്ക് പിന്തുണ അറിയിച്ചു.