ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മാധ്യമ രംഗത്തെ പ്രഗത്ഭരെ അണിനിരത്തി സംഘടിപ്പിക്കുന്ന ‘ഗ്രൗണ്ടിംഗ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ജേർണലിസം സെമിനാറും വർക്ക്ഷോപ്പും മെയ് 25ന് ന്യൂയോർക്ക് സമയം രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം 6.30) ആരംഭിക്കും.
മാതൃഭൂമി ടെലിവിഷൻ ചാനല്‍ ഡപ്യൂട്ടി എഡിറ്റർ ഡി പ്രേമേഷ് കുമാർ, ‘ദി ഫോർത്ത്’ ചാനല്‍ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, 35 വര്‍ഷത്തോളമായി എബിസി ന്യൂസിലെ സീനിയർ എഡിറ്റര്‍ ഡാൻ കൂളർ എന്നിവരായിരിക്കും ക്ളാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഈ വിവരം. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുതിർന്ന മാധ്യമ പ്രവർത്തകരും ഇതിൽ പങ്കെടുക്കുന്നതും, അറിവുകൾ പങ്കിടുന്നതുമാണെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം പറഞ്ഞു.
സൂമിലൂടെ നടക്കുന്ന ഈ പരിപാടിയിൽ പ്രസ് ക്ലബ് അംഗങ്ങൾക്ക് മാത്രമല്ല മാധ്യമ രംഗത്തില്‍ താല്പര്യമുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്നതാണെന്ന് പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള അറിയിച്ചു. ഐപിസിഎൻഎ വെബ്സൈറ്റിലുള്ള ലിങ്കിൽ രജിസ്റ്റർ ച്യ്താൽ മാത്രം മതി. രജിസ്ട്രേഷൻ സൗജന്യമാണ്. അമേരിക്കയിലെ മലയാളി സുഹൃത്തുക്കൾ ഈ അവസരം പ്രയോജനപ്പടുത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് നാഷണൽ ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭ്യർത്ഥിച്ചു. 2024 – 25 വർഷത്തെ പ്രവർത്തന പരിപാടികളിൽ ആദ്യത്തേതാണ് ഈ സെമിനാർ. തുടർന്നും അംഗങ്ങൾക്കു പ്രയോജനപ്രദമാകുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് നാഷണൽ ജോയിന്റ് ട്രഷറര്‍ റോയ് മുളകുന്നം അറിയിച്ചു.
ഐപിസിഎൻഎ ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര ചടങ്ങുകൾ 2025 ജനുവരി 10-ന് കേരളത്തിൽ വെച്ച് നടക്കും. മാധ്യമ രംഗത്തെ വിപുലമായ സംഭാവനകളെ മാനിച്ച് നൽകുന്ന ഈ പ്രത്യേക പുരസ്കാരങ്ങൾക്കൊപ്പം, മാധ്യമ രംഗത്ത് കഴിവ് തെളിയിച്ച പത്തോളം പേർക്ക് മറ്റു പുരസ്കാരങ്ങളും ഈ അവസരത്തിൽ നൽകി വരാറുണ്ട്. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ അഭിമാനമായ ഈ പുരസ്കാര ചടങ്ങിൽ നിരവധി മാധ്യമ, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രതിഭകൾ പങ്കെടുക്കും.
ഐപിസിഎന്‍എയുടെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന, അമേരിക്കയിൽ വച്ച് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസ് 2025 സെപ്റ്റംബർ – ഒക്ടോബറിൽ ന്യൂജേഴ്സി-ന്യൂയോർക്ക് ഏരിയയിൽ സംഘടിപ്പിക്കുന്നതാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
‘ഗ്രൗണ്ടിംഗ്’ – മീഡിയ സെമിനാറിലും ട്രെയിനിംഗ് വർക്ക്ഷോപ്പിലും പങ്കെടുക്കാന്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ് – https://indiapressclub.org/grounding/