ന്യൂഡൽഹി: രാജ്യദ്രോഹവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് 2020ലെ വർഗീയ കലാപക്കേസുമായി ബന്ധപ്പെട്ട് ജയിലിലായ വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് ഡൽഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു.
ശിക്ഷിക്കപ്പെട്ടാൽ നൽകാവുന്ന പരമാവധി ശിക്ഷയുടെ പകുതിയിലധികം അനുഭവിച്ചിട്ടും ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവിനെ ഷര്‍ജീല്‍ കോടതിയില്‍ ചോദ്യം ചെയ്തു.
“അപ്പീൽ അനുവദിച്ചിരിക്കുന്നു,” ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് ഷര്‍ജീല്‍ ഇമാമിൻ്റെയും ഡൽഹി പോലീസിൻ്റെയും അഭിഭാഷകരുടെ വാദം കേട്ട ശേഷം പറഞ്ഞു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 2019 ഡിസംബർ 13 ന് ജാമിയ മില്ലിയ ഇസ്ലാമിയയിലും 2019 ഡിസംബർ 16 ന് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലും ഷര്‍ജീല്‍ പ്രസംഗങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു. അസമും മറ്റ് വടക്കുകിഴക്കൻ ഭാഗങ്ങളും രാജ്യത്ത് നിന്ന് വിഛേദിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഇമാമിനെതിരെ കേസെടുത്തത്, ആദ്യം രാജ്യദ്രോഹ കുറ്റത്തിന് രജിസ്റ്റർ ചെയ്യുകയും പിന്നീട് യുഎപിഎയുടെ 13 വകുപ്പ് പ്രയോഗിക്കുകയും ചെയ്തു. കേസിൽ 2020 ജനുവരി 28 മുതൽ കസ്റ്റഡിയിലാണ്.
താൻ കഴിഞ്ഞ നാല് വർഷമായി കസ്റ്റഡിയിലാണെന്നും കുറ്റം തെളിഞ്ഞാൽ സെക്ഷന്‍ 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ) പ്രകാരമുള്ള പരമാവധി ശിക്ഷ 7 വർഷമാണെന്നും ഇമാം വിചാരണ കോടതിയിൽ അവകാശപ്പെട്ടിരുന്നു.
സെക്ഷന്‍ 436-A CrPC പ്രകാരം, കുറ്റത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പരമാവധി ശിക്ഷയുടെ പകുതിയിലധികം ചെലവഴിച്ചാൽ ഒരാളെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാമെന്നും കോടതിയില്‍ വാദിച്ചു.
ഫെബ്രുവരി 17 ന് ഇയാള്‍ക്ക് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച വിചാരണ കോടതി, പ്രോസിക്യൂഷൻ്റെ കേസ് കേട്ടതിന് ശേഷം “അസാധാരണമായ സാഹചര്യങ്ങളിൽ” പ്രതിയുടെ കസ്റ്റഡി കൂടുതൽ കാലയളവിലേക്ക് നീട്ടാമെന്ന് വിധിച്ചിരുന്നു.
2020-ലെ വർഗീയ കലാപങ്ങളിൽ നിന്ന് ഉടലെടുത്ത നിരവധി കേസുകളിൽ പ്രതിയാണ് ഇമാം, അക്രമത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തിയെന്ന കേസ് ഉൾപ്പെടെ. ഗൂഢാലോചനക്കേസിലും ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.