ചെന്നൈ : മൂന്നു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയിലെത്തി. വ്യോമസേനാ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം ചെറിയ വിശ്രമത്തിനായി സർക്കാർ ഗസ്റ്റ് ഹൗസിൽ എത്തും. ശേഷം കന്യാകുമാരി ദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും.
തമിഴ് സാംസ്കാരിക ഐക്കണും സന്യാസിയുമായ തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും.
നേരത്തെ തീരുമാനിച്ചിരുന്നതിനെക്കാള്‍ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുന്നത്. ഇവിടെ ദീർഘനേരം അദ്ദേഹം ധ്യാനമിരിക്കുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും.
മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ശനിയാഴ്ച (ജൂൺ 1) ഉച്ചകഴിഞ്ഞ് 3 മണിക്ക് അടുത്തുള്ള പാറയിൽ നിർമ്മിച്ച മഹാകവി തിരുവള്ളുവരുടെ പ്രതിമ പ്രധാനമന്ത്രി മോദി സന്ദർശിച്ച് മാല ചാർത്തുമെന്നാണ് വിവരം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിപ്പോകും. 2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു.
വിവേകാനന്ദ പാറ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 45 മണിക്കൂർ തങ്ങുന്നതിന് കനത്ത സുരക്ഷ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ബീച്ച് അടച്ചിടും, കൂടാതെ സ്വകാര്യ ബോട്ടുകളും ഓടാൻ അനുവദിക്കില്ല. രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ലയിൽ രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിക്കും.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ വിവിധ സുരക്ഷാ ഏജൻസികൾ കർശനമായ ജാഗ്രത പുലർത്തും .കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു.
കന്യാകുമാരിയിൽ പ്രധാനമന്ത്രിയുടെ ധ്യാന പരിപാടിയ്‌ക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു, അദ്ദേഹത്തെ ധ്യാനം ചെയ്യാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു കത്ത് പോലും നൽകിയിരുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രധാനമന്ത്രിയുടെ ധ്യാന പരിപാടി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കരുതെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ. സെൽവപെരുന്തഗൈ ആവശ്യപ്പെട്ടു.