തുടക്കത്തില്‍ പതറിയെങ്കിലും ബെന്നി ബെഹ്‌നാനെ കൈവിടാതെ ചാലക്കുടി

ചാലക്കുടി: ചാലക്കുടിയിൽ സിറ്റിംഗ് എംപി ബെന്നി ബെഹ്‌നാൻ വീണ്ടും വിജയിച്ചു. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ പതറിയെങ്കിലും 63,754 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി മണ്ഡലം നിലനിർത്തി. പ്രൊഫ. സി. രവീന്ദ്രനാഥായിരുന്നു എൽ.ഡി.എഫിന്റെ എതിര്‍ സ്ഥാനാർഥി. എൻഡിഎയെ പ്രതിനിധീകരിച്ച് കെ എ ഉണ്ണികൃഷ്ണനും മത്സരരംഗത്തുണ്ടായിരുന്നു.

ബെന്നി ബെഹ്‌നാൻ 3,94,171 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന് 3,30,417 വോട്ടുകളും, എൻഡിഎയ്ക്ക് 1,05,642 വോട്ടുകളും ലഭിച്ചു. വിജയിച്ചെങ്കിലും ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ്റെ ഭൂരിപക്ഷം ഇത്തവണ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 1,32,274 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹ്‌നാൻ വിജയിച്ചത്. ഇത്തവണ ഇതിൻ്റെ പകുതി പോലും ഭൂരിപക്ഷം നേടാനായിട്ടില്ല.

ചാലക്കുടിയിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരുന്നു. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍ തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളും ചേരുന്നതാണ് ചാലക്കുടി മണ്ഡലം. രാഷ്‌ട്രീയത്തിലെ പല കരുത്തന്മാരും ഒരുപോലെ വാഴുകയും വീഴുകയും ചെയ്‌ത ചാലക്കുടി മണ്ഡലത്തില്‍ നിന്നും ഇത്തവണ ആരാകും ലോക്‌സഭയിലേക്ക് എത്തുക എന്നതില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ടാണ് ബെന്നി ബെഹ്‌നാന്‍ തന്‍റെ സീറ്റ് നിലനിര്‍ത്തിയത്.

വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐക്യജനാധിപത്യ മുന്നണി മണ്ഡലത്തിൽ വോട്ട് തേടിയത്. യു.ഡി.എഫ് തരംഗത്തിൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ സി. രവീന്ദ്രനാഥിനെ ജനകീയ സ്ഥാനാർഥിയായാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയത്. സാധാരണക്കാരൻ്റെ പ്രതിച്ഛായയുള്ള രവീന്ദ്രനാഥിൻ്റെ ഭരണരംഗത്തെ മികവും എടുത്തു പറഞ്ഞിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പരോക്ഷ പിന്തുണയും ഇടത് ക്യാമ്പിൻ്റെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. എന്നാൽ, അവരുടെ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിയാണ് ബെന്നി ബെഹ്‌നാന്‍ വിജയക്കൊടി പാറിച്ചത്.

Print Friendly, PDF & Email

Leave a Comment

More News