തൃശ്ശൂരിൽ നടന്നത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെങ്കിലും നിരാശയില്ലെന്ന് വി എസ് സുനില്‍ കുമാര്‍

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഫലം അപ്രതീക്ഷിതമെന്ന് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് തോൽവിയിൽ നിരാശയില്ല. ഇപ്പോഴത്തെ പരാജയം അന്തിമമല്ലെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം വിഎസ് സുനിൽകുമാർ പ്രതികരിച്ചു.

ഫലം ബൂത്ത് അടിസ്ഥാനത്തിൽ ആഴത്തിൽ പരിശോധിക്കും. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14000 വോട്ടിൻ്റെ വർധനയാണ് എൽഡിഎഫ് സ്ഥാനാർഥി നേടിയത്. അതേസമയം യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിക്ക് മുൻതൂക്കം ലഭിച്ച സാഹചര്യത്തിൽ വോട്ടിംഗില്‍ വിശദമായ അന്വേഷണം വേണമെന്നും പറഞ്ഞു.

തൃശൂർ മണ്ഡലത്തിൽ ചരിത്ര വിജയമാണ് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സ്വന്തമാക്കിയത്. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. എഴുപതിനായിരത്തിലധികം ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി തൃശൂരിൽ അട്ടിമറി വിജയം നേടിയത്.

വോട്ടെണ്ണലിൻ്റെ ആദ്യഘട്ടമായ പോസ്‌റ്റൽ വോട്ടിൽ ഇടതുമുന്നണി സ്ഥാനാർഥി വി എസ് സുനിൽ കുമാറായിരുന്നു മുന്നിട്ടു നിന്നത്. ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും വി എസ് സുനിൽകുമാർ തന്നെ ലീഡ് ചെയ്‌തു. എന്നാൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൻ്റെ പകുതി പൂർത്തിയായതു മുതൽ സുരേഷ് ഗോപി ലീഡ് നിലയിൽ മുന്നിലെത്തുകയായിരുന്നു. തുടർന്ന് തുടർച്ചയായി ഒരോ റൗണ്ടിലും ലീഡ് ഉയർത്തുകയായിരുന്നു സുരേഷ് ഗോപി.

ടിഎൻ പ്രതാപനിൽ നിന്ന് തൃശൂർ സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിലും ലീഡ് ചെയ്തിരുന്നില്ല. വടകരയിൽ നിന്ന് പിന്‍‌വാങ്ങി തൃശൂരില്‍ മത്സരത്തിനിറങ്ങിയ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News