കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് സർക്കാർ 2 ലക്ഷം രൂപ വീതം നൽകും; മരിച്ചവരില്‍ 11 മലയാളികള്‍

കുവൈറ്റ്: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക നൽകുന്നത്. കുവൈറ്റിലെ തീപിടിത്ത ദുരന്തത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ അവലോകന യോഗം ചേർന്നു. നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അതിനിടെ, സാധ്യമായ എല്ലാ സഹായവും ഇന്ത്യൻ സർക്കാർ നൽകണമെന്ന് പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു. ദുരിതാശ്വാസ നടപടികൾ നിരീക്ഷിക്കുന്നതിനും മൃതദേഹങ്ങൾ വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ സഹമന്ത്രിയെ ഉടൻ കുവൈറ്റിലേക്ക് അയച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മരിച്ച 42 ഇന്ത്യക്കാരിൽ 11 പേരും മലയാളികള്‍

തെക്കൻ കുവൈത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേർ മരിക്കുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 42 പേർ ഇന്ത്യക്കാരാണ്. ഉറങ്ങിക്കിടക്കുന്നതിനിടെ പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചതെന്ന് അധികൃതർ പറഞ്ഞു. നിരവധി പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലുള്ള ആറ് നില കെട്ടിടത്തിൻ്റെ അടുക്കളയിലാണ് തീപിടിത്തമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരേ കമ്പനിയിലെ 195 തൊഴിലാളികൾ കെട്ടിടത്തിൽ താമസിച്ചിരുന്നതായി പറയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മരിച്ച 11 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും ബാക്കിയുള്ളവർ തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു. ഉമറുദ്ദീൻ സമീർ, രഞ്ജിത്, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ്, ലൂക്കോസ് വടോക്കോട്ട് ഉണ്ണൂണി, ഭൂനാഥ് റിച്ചാർഡ് റോയ് ആനന്ദ്, കേളു പൊന്മലേരി, സ്റ്റീഫൻ എബ്രഹാം സാഹു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരകേഷ്, പി വി മുരളീധരൻ, വിശ്വാസ് കൃഷ്ണ, അരുൺ ബാബു, സാജൻ ജോർജ്, റെയ്മണ്ട്, ജീസസ് ലോപ്പസ്, ആകാശ് നായർ, ഡാനി ബേബി കരുണാകരൻ, എന്നിങ്ങനെയാണ് മരിച്ചവരുടെ പേരുകൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മരിച്ചവരില്‍ ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു
ഷമീര്‍ (കൊല്ലം), ആകാശ്‌ എസ്‌ നായര്‍ (പന്തളം), മുരളീധരന്‍ (പത്തനംതിട്ട), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48), സാജന്‍ ജോര്‍ജ് (പുനല്ലൂര്‍ നരിക്കല്‍), സ്റ്റെഫിന്‍ എബ്രഹാം സാബു (കോട്ടയം പാമ്പാടി), സജൂ വര്‍ഗീസ് (പത്തനംതിട്ട) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

രണ്ട് കാസര്‍കോട് സ്വദേശികളെ തിരിച്ചറിഞ്ഞു
ചെങ്കള സ്വദേശി രഞ്ജിത്ത് (34), കേളു പൊൻമലേരി(55) എന്നിവരാണ് മരിച്ച കാസര്‍കോട് സ്വദേശികൾ. കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് രഞ്ജിത്ത്. പിലിക്കോട് എരവിൽ സ്വദേശിയായ കേളു പൊൻമലേരി എൻബിടിസി ഗ്രൂപ്പ് അൽ കുവെെത്തില്‍ പ്രൊഡക്ഷൻ എൻജിനിയർ ആണ്.

ണ്ട് പത്തനംതിട്ടക്കാരെ തിരിച്ചറിഞ്ഞു
തീപിടിത്തത്തില്‍ മരിച്ച മലയാളികളിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ടു പേരെ തിരിച്ചറി‍ഞ്ഞു. മരിച്ചത് കോന്നി പ്രമാടം വാഴമുട്ടം പുളിനിൽക്കുന്നതിൽ പി വി ശശിധരൻ (68), പന്തളം, മുടിയൂർക്കോണം, ഐരാണിക്കുഴി, ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ ആകാശ് എസ് നായർ (32) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍
കുവൈറ്റിലെ അപകടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്‍റെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. അനൂപ് മങ്ങാട്ട് : +965 90039594, ബിജോയ്‌: + 965 66893942, റിച്ചി കെ ജോര്‍ജ് : + 965 60615153, അനില്‍ കുമാര്‍: + 965 66015200, തോമസ്‌ ശെല്‍വന്‍ : + 965 51714124, രഞ്ജിത്ത് : +965 55575492, നവീന്‍: + 965 99861103, അന്‍സാരി : + 965 60311882, ജിന്‍സ് തോമസ് : + 965 65589453, സുഗതന്‍: + 96 555464554

Print Friendly, PDF & Email

Leave a Comment

More News