കുവൈറ്റിലെ മംഗഫുൽ എരിഞ്ഞടങ്ങിയത് 50 ജീവനുകൾ, അതിൽ 23 മലയാളികൾ. ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം. കുവൈറ്റ് യുദ്ധത്തിന് ശേഷം ലോകമാകെ ആ രാജ്യത്തെ നോക്കിനിന്ന നിമിഷങ്ങൾ. ജീവിക്കാനായി സർവതും ഉപേക്ഷിച്ച് മണലാര്യണത്തിൽ കുടിയേറിയ ജീവിതങ്ങൾ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായി എന്നത് വിശ്വസിക്കാനാവുന്നില്ല. ഒരുപാട് സ്വപ്നങ്ങളുമായി നാടുവിട്ടവർ മരണപേടകത്തിൽ തിരികെ ചെല്ലുമ്പോൾ ഉറ്റവർക്ക് ഒരിക്കലും സഹിക്കാനാവില്ല. വലിയ പ്രതീക്ഷകളുമായി ബന്ധങ്ങളെ അകലെയാക്കി വണ്ടികയറിയവരാണ് അവർ.
അൻപത് വർഷത്തിലധികമായി പ്രവാസി ജീവിതം തുടരുന്നവർ മുതൽ ഒരാഴ്ച മുമ്പ് അറബി ലോകത്ത് എത്തിയവർ വരെ ദുരന്തത്തിനിരയായി. കുവൈറ്റ് പോലുള്ള ഒരു രാജ്യത്ത് ഉണ്ടായ ദുരന്തം ഉയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്. എല്ലാ സുരക്ഷാ സൗകര്യങ്ങളും കർശനമായ നിയമങ്ങളും ഉള്ള രാജ്യത്ത് അശ്രദ്ധമൂലം അഗ്നിബാധ എന്നത് അവിശ്വസനീയമാണ്. ആറ് നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ സെക്യൂരിറ്റി റൂമിൽ നിന്ന് ഗ്യാസ് സിലിണ്ടർ ചോർന്ന് തീ പടർന്നുവെന്നതാണ് കണ്ടെത്തൽ. താഴത്തെ നിലയിലെ തീ പടർന്നതോടൊപ്പം മുകളിലേക്ക് പുക പടർന്നതും ദുരന്തത്തിന്റെ ആഘാതം ഏറാൻ കാരണമായാതായി കണ്ടെത്തി. ഉറങ്ങിക്കിടന്നവർ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചുവെന്ന് വേണം കരുതാൻ.
അപകടം അറിഞ്ഞ് കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ വീണ് മരിച്ചവരുമുണ്ട്. സെക്യൂരിറ്റി റൂമിൽ ഉണ്ടായ അപകടം ബഹുനില കെട്ടിടത്തിലുള്ളവർ അറിയാൻ വൈകിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. തീ നിയന്ത്രണ വിധേയമാക്കാൻ കെട്ടിടത്തിൽ സൗകര്യങ്ങൾ ഇല്ലായിരുന്നുവോ എന്ന ചോദ്യത്തിന് ഇനിയും മറുപടി ഉണ്ടായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും സന്നാഹങ്ങൾ ഇല്ലായിരുന്നു. എമർജൻസി വാതിലുകൾ പോലുള്ള രക്ഷാമാർഗങ്ങളും കണ്ടില്ല. തൊഴിലാളികളെ പാർപ്പിക്കുന്ന ക്യാമ്പുകൾ സുരക്ഷിതമല്ലായെന്നതിന് തെളിവാണ് ഈ മഹാദുരന്തം.
അപകടശേഷം ആരെയെങ്കിലും സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കുന്ന പതിവ് തന്ത്രം തന്നെയാണ് ഇവിടെയും പ്രയോഗിക്കപ്പെട്ടത്. കുവൈറ്റിലെ തൊഴിൽ ശക്തിയിൽ മുപ്പത് ശതമാനം ഇന്ത്യക്കാരാണ് . അതിൽ ഏറെയും മലയാളികളും. ഇവരുടെ ആരോഗ്യസംരക്ഷണത്തിന് അർഹമായ പ്രധാന്യം ലഭിക്കുന്നില്ലായെന്നതിന് തെളിവാണ് ഇപ്പോൾ ഉണ്ടായ അപകടം. ദുരന്തശേഷം അനുശോചനം അറിയിക്കുന്നതിൽ മാത്രം ഒതുങ്ങരുത് നമുടെ പ്രവാസി സ്നേഹം. പ്രവാസികളുടെ ജീവന്റെ കാര്യത്തിലും സംരക്ഷണം ഒരുക്കേണ്ടതുണ്ട്. ഇതിന് നയതന്ത്രപരമായ ഇടപെടലുകൾ അനിവാര്യമാണ്. ഇനിയെങ്കിലും പ്രവാസി ക്ഷേമം സഭകളിൽ മാത്രം ഒതുക്കാതെ പ്രാവർത്തികമാക്കണം. കുവൈറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ട പരിഹാരവും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം. മറുനാട്ടിലെ തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും സംരക്ഷണമൊരുക്കാൻ കഴിയണം.