ഡാളസ്: ഡാളസിലെ മാളില്‍ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് ഇന്ത്യൻ വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
ആന്ധ്രപ്രദേശിലുള്ള രവീന്ദർ റെഡ്ഡിയുടെയും രമണിയുടെയും മകൾ കരം മാനസ റെഡ്ഡി, ജിതേന്ദർ റെഡ്ഡിയുടെയും പദ്മയുടെയും മകൾ പുളിയാല സിന്ധുജ റെഡ്ഡി എന്നിവരെയാണ് ഡാളസിലെ മേസീസ് സ്റ്റോറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഇരുവരും വിദ്യാര്‍ത്ഥിനികളാണ്. ഇവർക്ക് ജാമ്യം ലഭിച്ചെങ്കിലും, അവരിൽ ഒരാളായ മാനസ മുമ്പ് നിരവധി മോഷണങ്ങളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല കടകളിലും മോഷണം നടത്തിയതിന്റെ റെക്കോര്‍ഡും ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ഇന്ത്യ സന്ദർശിക്കുമ്പോൾ ആഡംബര വസ്തുക്കൾ പ്രദർശിപ്പിക്കുകയും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തുന്നു. യുഎസിൽ ഇന്ത്യൻ വിദ്യാർഥികൾ കടയിൽ മോഷണം നടത്തുന്നത് ഇതാദ്യമല്ല.
തെലങ്കാനയിലെ ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് തെലുങ്ക് വിദ്യാർത്ഥികളെ
ഇക്കഴിഞ്ഞ മാർച്ചിൽ പലചരക്ക് കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.
സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ന്യൂജേഴ്സിയിലേക്ക് വന്നതായിരുന്നു 20ഉം 21ഉം വയസ്സുള്ള വിദ്യാർഥികൾ. ഹൈദരാബാദ്, ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 27 ഇനങ്ങളുമായി കടയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ഇനങ്ങളുടെ വിലയായ 155 ഡോളര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ പിടികൂടിയത്.
മാർച്ച് 19 ന്, ഹോബോകെൻ ഷോപ്പ് റൈറ്റ് എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചില സാധനങ്ങൾക്ക് പണം നൽകിയില്ലെന്ന് ആരോപിച്ചാണ് ന്യൂജെഴ്സി പോലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സാധനങ്ങളുടെ മുഴുവൻ തുകയും അല്ലെങ്കിൽ ഇരട്ടി തുകയും നൽകാമെന്ന് വിദ്യാർത്ഥികളിൽ ഒരാൾ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് കുറ്റം ആവർത്തിക്കരുതെന്ന വ്യവസ്ഥയിൽ അവരെയും ജാമ്യത്തിൽ വിട്ടയച്ചു.
2015-ൽ ടെന്നസിയിലുള്ള വാൾമാർട്ട് സ്റ്റോറിൽ നിന്ന് 4,500 ഡോളർ (ഏകദേശം 3.75 ലക്ഷം രൂപ) വിലമതിക്കുന്ന 155 റേസറുകൾ മോഷ്ടിച്ച രണ്ട് ഇന്ത്യൻ സ്ത്രീകൾ പിടിയിലായിരുന്നു.
കടയിലെ പേഴ്സണൽ ഗ്രൂമിംഗ് സെക്ഷനില്‍ നിന്ന് റേസറുകള്‍ മോഷ്ടിച്ച് ആറോ ഏഴോ വയസ്സുള്ള കുട്ടിയെയും കൊണ്ട് പുറത്തുകടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സാധനങ്ങൾ മോഷ്ടിച്ച ശേഷം അവർ മറ്റൊരു എക്സിറ്റിലൂടെ പുറത്തുകടന്ന് ഒരു മിനിലോറിയിൽ കയറി രക്ഷപ്പെടുകയും ചെയ്തതായി പോലീസ് പറയുന്നു.