ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിന്റെ ദുരിതമാണ് മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് ‘പ്ലസ് വണ്‍ – മലബാർ ക്ലാസിന് പുറത്ത്’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസന പദ്ധതികളും അനുവദിക്കുന്നതില്‍ മുഖ്യ മാനദണ്ഡം ജനസംഖ്യ ആയിരിക്കണം. അത് പരിഗണിക്കാതെ മറ്റ് പ്രീണനങ്ങള്‍ അടിസ്ഥാനമാകുന്നതിനാലാണ് മലബാര്‍ മേഖല പിന്നോക്കം പോകുന്നത്. മാറി ഭരിച്ച ഇരു മുന്നണികള്‍ക്കും ഇതില്‍ പങ്കുണ്ട്. ലബ്ബ കമ്മീഷന്റെ ഒരു ക്ലാസില്‍ 40 കുട്ടികളെന്ന റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ ക്ലാസ് റൂമുകള്‍ 65 കുട്ടികളെ വരെകുത്തി നിറച്ച ക്യാമ്പുകളാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ രണ്ട് വര്‍ഷം പഠിക്കുന്നത് കുട്ടികളുടെ അക്കാദമിക നിലവാരത്തെ ബാധിക്കും. പ്ലസ് വണ്‍ സീറ്റ് അല്ലാതെ ഐ.ടി.ഐ പോലുള മറ്റ് കോഴ്സ് ഉള്‍പ്പടെ മതിയായ സീറ്റുണ്ടെന്നാണ് മന്ത്രി കള്ളക്കണക്കുകള്‍ നിരത്തി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. മലബാറിലെ വിദ്യാര്‍ത്ഥികളുടെ ചോയ്സ് നിശ്ചയിക്കേണ്ടത് മന്ത്രിയല്ല. അധിക സീറ്റുകളോ താത്കാലിക ബാച്ചുകളോ അല്ല സ്ഥായിയായ പരിഹാരമാണ് വേണ്ടത്. കേരളത്തിലെ മറ്റിടങ്ങളില്‍ മതിയായ കുട്ടികളില്ലാതെ സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്ന ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തയ്യാറാവണം.
പുതിയ ബാച്ചുകള്‍ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇല്ലെങ്കില്‍ എയ്ഡഡ് മേഖലയിലെങ്കിലും അനുവദിക്കണം. എല്ലാ അദ്ധ്യയനവര്‍ഷാരംഭത്തിലും മലബാറിലെ കുട്ടികളെ വിദ്യഭ്യാസ അവകാശത്തിനായി തെരുവിലിറക്കുന്ന മനുഷ്യത്വ രഹിതമായ നടപടി അവസാനിപ്പിക്കണമെന്നും ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് സി വിഷയം അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, സജീർ (ഖത്തർ വാണിമേൽ പ്രവാസി ഫോറം), അൻവർ ശിവപുരം (മാക് ഖത്തർ), ജില്ലാ വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, സെക്രട്ടറി ബാസിം കൊടപ്പന, അബ്ദുറഹ്മാന്‍ പുറക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ അംജദ് കൊടുവള്ളി, ജില്ലാകമ്മറ്റിയംഗം അസ്‌ലം വടകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
video link
https://we.tl/t-LABFnYLURk