കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ക്രിമിനൽ നിയമങ്ങൾ ‘പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്’: മുന്‍ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജൂലൈ ഒന്നിന് നിലവിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ‘പുതിയ കുപ്പികളിലെ പഴയ വീഞ്ഞാണെന്ന്’ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.

ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിതയും (ബിഎൻഎസ്), സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസം‌ഹിതയും (ബി‌എന്‍‌എസ്‌സ്), ഇന്ത്യന്‍ എവിഡൻസ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ അധിനിയയും (ബിഎസ്എ) എന്ന് പേര് മാറിയെങ്കിലും അതിൻ്റെ ഉള്ളടക്കം അടിസ്ഥാനപരമായി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും അതിരു കടന്നതായും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ ബിഎസ്എ എന്നറിയപ്പെടുന്ന ഇന്ത്യൻ തെളിവ് നിയമത്തിൽ കൊണ്ടുവന്ന മാറ്റങ്ങളിൽ, കേസ് ഹിയറിംഗുകളിൽ അനാവശ്യ കാലതാമസം ഒഴിവാക്കാൻ കോടതികൾക്ക് പരമാവധി രണ്ട് മാറ്റിവയ്ക്കൽ അനുവദിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൻ്റെ വിധി അവസാനിച്ച് 45 ദിവസത്തിനകം നൽകണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നും, കോടതികള്‍ എങ്ങനെയാണ് ഇത്രയും കര്‍ശനമായ സമയപരിധി നല്‍കുവാന്‍ പോകുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചോദിച്ചു. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ സംവിധാനത്തെക്കുറിച്ചും മുന്‍ സുപ്രീം കോടതി ജഡ്ജി ചോദ്യങ്ങള്‍ ഉന്നയിച്ചു.

‘പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. കാലക്രമേണ, രാജ്യത്തുടനീളമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തിരഞ്ഞെടുപ്പിലും നിയമന പ്രക്രിയയിലും അപ്രസക്തവും അനാവശ്യവുമായ നിരവധി പരിഗണനകള്‍ കടന്നുകൂടി’യെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News