ഗ്യാസ് കണക്‌ഷന്‍ ദുരുപയോഗം; ഉപഭോക്താക്കളുടെ ബയോമെട്രിക് പരിശോധന കര്‍ശനമാക്കി ഏജന്‍സികള്‍

കോഴിക്കോട്: പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾക്കായി ബയോമെട്രിക് പരിശോധന കർശനമാക്കാനൊരുങ്ങി ഗ്യാസ് ഏജൻസികൾ. പ്രാരംഭ ഘട്ടത്തിൽ നടപടിക്രമങ്ങൾ കർശനമാക്കില്ലെങ്കിലും വരും മാസങ്ങളിൽ എല്ലാ ഉപഭോക്താക്കളും അന്തിമ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് കോഴിക്കോട് ഭാരത് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു. പരിശോധന നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ ഏജൻസികൾ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പാക്കുന്നതിനുള്ള അന്തിമ സമയപരിധി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വാർത്ത പരന്നതോടെ ഇടപാടുകാർ ഏജൻസികളിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. ബയോമെട്രിക് പരിശോധന സുഗമമാക്കുന്നതിന് ഗ്യാസ് ഏജൻസി ഓഫീസുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, രോഗികളും മുതിർന്ന പൗരന്മാരുമുൾപ്പെടെയുള്ള ആളുകളുടെ വീടുകളിൽ പരിശോധന നടത്താൻ സിലിണ്ടർ വിതരണക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് ഏജൻസി അധികൃതർ പറഞ്ഞു.

എൽപിജി സിലിണ്ടറുകളുടെ യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ബയോമെട്രിക് പരിശോധന കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്. യഥാർഥ ഗുണഭോക്താക്കളുടെ മരണത്തിന് ശേഷവും നിരവധി പേർ കണക്ഷനുകൾ ദുരുപയോഗപ്പെടുത്തുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബയോമെട്രിക് വെരിഫിക്കേഷൻ കർശനമാക്കുന്നത്. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ സംയുക്തമായി ഈ നടപടികൾ നടപ്പിലാക്കാൻ തുടങ്ങി.

ബയോമെട്രിക് പരിശോധനയ്ക്കുള്ള ഘട്ടങ്ങൾ:

– ആധാർ കാർഡും പാചക വാതക കണക്ഷൻ ബുക്കുമായി ഏജൻസി ഓഫിസ് സന്ദർശിക്കുക.
– ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഫിംഗർപ്രിൻ്റ് അല്ലെങ്കിൽ ഐറിസ് സ്‌കാൻ നടത്തുക.
– തുടർന്ന രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശം ലഭിക്കും.

പാചക വാതക കമ്പനികളുടെ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചും ബയോമെട്രിക് വെരിഫിക്കേഷൻ നടത്താം. ഇതിന് മൊബൈൽ ആപ്ലിക്കേഷനും ആധാറിന്‍റെ മുഖം തിരിച്ചറിയൽ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

Print Friendly, PDF & Email

Leave a Comment

More News