മോദിയെ ഉപേക്ഷിച്ച് ബിജെഡി ഇന്‍ഡ്യാ സഖ്യത്തില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: രാജ്യസഭയിലെ നിർണായക ഘട്ടങ്ങളിൽ മോദി സർക്കാരിൻ്റെ സഹായത്തിനെത്തിയിരുന്ന ബിജു ജനതാദൾ (ബിജെഡി) ഒടുവിൽ ഇന്ത്യാ സഖ്യത്തിനൊപ്പം ചേര്‍ന്ന് രാജ്യസഭ വിട്ടു.

ബുധനാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോൾ ഇരുമുന്നണികളിലും പെടാത്ത ബിജെഡിയുടെ ഒമ്പത് എംപിമാരും ഒപ്പം ചേർന്നു. അതേസമയം, മുന്നണികളുമായി ബന്ധമില്ലാത്ത മറ്റൊരു പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ് എൻഡിഎ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും പ്രതിപക്ഷത്തിൻ്റെ നടപടിയെ വിമർശിക്കുകയും ചെയ്തു. ബിജെഡിക്ക് രാജ്യസഭയിൽ ഒമ്പത് അംഗങ്ങളും വൈഎസ്ആർ കോൺഗ്രസിന് 11 അംഗങ്ങളുമാണുള്ളത്.

യു.പി.എ മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സർക്കാർ പ്രവർത്തിപ്പിക്കുന്നവരുണ്ട്. അവർ പ്രവൃത്തിയില്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു മോദിയുടെ പരാമർശം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇടപെടാൻ അനുമതി തേടിയെങ്കിലും ചെയർമാൻ നിഷേധിച്ചു. തുടർന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പ്രതിപക്ഷ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് ചെയർമാൻ പ്രതികരിക്കുകയും ചെയ്തു.

സർക്കാറിന്റെ മുമ്ബത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പ്രധാനമന്ത്രിയുടെ മറ്റൊരു പതിവ് മറുപടി മാത്രമായിരുന്നു അതെന്നും ഒഡിഷയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇടമില്ലാതായാല്‍ ഇരിക്കുന്നതില്‍ അർഥമില്ലെന്നും വാക്കൗട്ട് നടത്തിയ നടപടിയെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.ഡി നേതാവും രാജ്യസഭ എം.പിയുമാ സസ്മിത് പാത്ര പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രസംഗങ്ങളില്‍ ഒഡിഷയെ കുറിച്ചും പ്രത്യേക പദവി വേണമെന്ന തങ്ങളുടെ ദീർഘകാല ആവശ്യത്തെ കുറിച്ചും പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചൊവ്വാഴ്ച ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമാണെന്ന് വൈ.എസ്.ആർ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ നേതാവ് വി. വിജയാസൈ റെഡ്ഡി പ്രതികരിച്ചു. പ്രതിപക്ഷ നടപടി ജനാധിപത്യ തത്വങ്ങള്‍ക്കും പാർലമെൻ്റിലെ മുൻ മാതൃകകള്‍ക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന രണ്ടാം മോദി സർക്കാരിനെ നിർണായക ബില്ലുകള്‍ പാസാക്കിയെടുക്കാൻ നവീൻ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ സഹായിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, യു.എ.പി.എ, വിവരാവകാശ നിയമങ്ങളുടെ ഭേദഗതി, ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർക്ക് ഉദ്യോഗസ്ഥരുടെ മേല്‍ സമ്ബൂർണ അധികാരം നല്‍കുന്ന ബില്‍ തുടങ്ങിയവ കേന്ദ്രസർക്കാർ രാജ്യസഭയില്‍ പാസാക്കിയത് ബി.ജെ.ഡിയുടെ പിന്തുണയോടെയാണ്. ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യ ചർച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇരു പാർട്ടികളും തമ്മില്‍ ഇടഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒഡിഷയിലെ 21 സീറ്റില്‍ 20ലും ബി.ജെ.പി വിജയിച്ചപ്പോള്‍ ഒരു സീറ്റ് കോണ്‍ഗ്രസ് നേടി. ബി.ജെ.ഡിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ 147 സീറ്റില്‍ 78 സീറ്റ് നേടി 24 വർഷത്തെ ബി.ജെ.ഡി ഭരണം അവസാനിപ്പിച്ച്‌ ബി.ജെ.പി അധികാരത്തിലേറിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News