മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫ്യൂസ്റ്റൺ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്റ്റാഫോർഡ് (ടെക്സസ്): ജൂലൈ 4-ന് സ്റ്റാഫോർഡിൽ കേരള ഹൗസിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9:00 മണിക്ക് ആരംഭിച്ച ഈ പരിപാടിയിൽ MAGH ന്റെ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.

പരിപാടി എം.സി. ആയ അനിലാ സന്ദീപ് മാഗ് പ്രോഗ്രാം കോഓർഡിനേറ്റർ ലതീഷ് കൃഷ്ണനെ സ്വാഗതപ്രസംഗത്തിന് ക്ഷണിച്ചതോടെ മാഗിൻ്റെ ജൂലൈ 4 ആഘോഷങ്ങൾക്ക് പ്രാരംഭം കുറിച്ചു. സ്വാഗതസന്ദേശത്തിന് ശേഷം അമേരിക്കയുടെ ദേശീയഗാനം ആലപിക്കുകയും അമേരിക്കൻ പതാക മേയർ കെന്‍ മാത്യു ഉയർത്തുകയും ചെയ്തു. തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കയും മാഗ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ ഇന്ത്യൻ പതാക ഉയർത്തുകയും ചെയ്തു.

തന്റെ അധ്യക്ഷ പ്രസംഗത്തിൽ, മാത്യുസ് മുണ്ടക്കൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. “നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ മുൻഗാമികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നമ്മെ ജന്മം നൽകിയ പെറ്റമ്മയെ പോലെ തന്നെ നമ്മെ പരിപാലിക്കുന്ന പോറ്റമ്മക്കും തുല്യ മഹത്വം നൽകണം,” അദ്ദേഹം പറഞ്ഞു.

സ്റ്റാഫോർഡ് സിറ്റി മേയർ, തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ, സ്വാതന്ത്ര്യത്തിന്റെ ആശയം എത്ര മഹത്തരമാണ് എന്ന് പറയുകയുണ്ടായി. തുടർന്ന് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ തൻറെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ, സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ല, ഒരു വലിയ ഉത്തരവാദിത്തം കൂടിയാണെന്നും ഓർമ്മപ്പെടുത്തി. “ഹ്യൂസ്റ്റണിലെ മറ്റുള്ള ഇന്ത്യൻ സമൂഹങ്ങളിൽ നിന്ന് കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്ളത് നമ്മുടെ മലയാളി സമൂഹമാണെന്നത് നമ്മുടെ സിവിക് ഉത്തരവാദിത്വങ്ങളിൽ നമ്മൾ സജീവമായി പങ്കെടുക്കുന്നതിന്റെ തെളിവാണ്. എന്നാൽ, സ്വാതന്ത്ര്യം സൂക്ഷ്മമായി ഉപയോഗിക്കേണ്ട ഒരു ഉത്തരവാദിത്വമാണ്. പലപ്പോഴും ലഭിക്കുന്ന പദവികളും സ്വാതന്ത്ര്യങ്ങളും ചിലരെങ്കിലും ദുരുപയോഗപ്പെടുത്തുന്നത് കാണുമ്പോൾ നാം സങ്കടപ്പെടുന്നു. അത്തരത്തിലുള്ള നിരവധി വാർത്തകളാണ് ഈ അടുത്തകാലത്ത് നമ്മൾ കേൾക്കുന്നത്. ഇങ്ങനെ ദുരുപയോഗപ്പെടുത്തുന്നവർ ഓർക്കേണ്ട ഒരു കാര്യം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം ചെയ്യുന്നവർ അധിക കാലം ആ സ്ഥാനത്തുണ്ടാവില്ല എന്നാണ് . കാരണം ഈ രാജ്യം അത് അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.

മുൻ പ്രസിഡൻറും ബിൽഡിംഗ് കമ്മിറ്റി കൺവീനറുമായ ശശിധരൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ കടന്നുവന്നവർക്ക് സ്വാതന്ത്ര്യ ദിനത്തിന്റെ ആശംസകൾ അറിയിച്ചു.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ജോർജ്ജ് തെക്കേമലയുടെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു, തുടർന്ന് കടന്നുവന്ന എല്ലാവർക്കും രുചികരമായ പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News