കല്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്ലാതെയുമുള്ള ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നഗരത്തിൽ ജീപ്പ് യാത്ര വിവാദമായി. ഇയാൾ വാഹനത്തിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാസ് സിനിമ ഡയലോഗുകൾ ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
വയനാട്ടിലെ പനമരം ടൗണിലായിരുന്നു സവാരി. മാസ് ബിജിഎമ്മോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ആർടിഎ വ്യക്തമാക്കി. അന്വേഷണത്തിന് എൻഫോഴ്സ്മെൻ്റ് ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.
ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാർന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.