ടെക്‌സാസ് മനുഷ്യക്കടത്ത് കേസിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

വാഷിംഗ്ടൺ: മനുഷ്യക്കടത്ത് കേസിൽ ടെക്‌സാസിലെ പ്രിൻസ്റ്റണിൽ നാല് ഇന്ത്യൻ വംശജരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പ്രിൻസ്റ്റണിലെ കോളിൻ കൗണ്ടിയിൽ നിർബന്ധിത തൊഴിൽ പദ്ധതി നടത്തിയെന്നാരോപിച്ച് ചന്ദൻ ദാസിറെഡ്ഡി (24), സന്തോഷ് കട്കൂരി (31), ദ്വാരക ഗുണ്ട (31), അനിൽ മാലെ (37) എന്നിവരെയാണ് പ്രിൻസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വീടിൻ്റെ തറയിൽ ശോചനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന പതിനഞ്ചോളം സ്ത്രീകളെ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കോളിൻ കൗണ്ടിയിലെ ഗിൻസ്‌ബർഗ് ലെയ്‌നിലെ ഒരു വീട്ടിൽ മനുഷ്യക്കടത്തിന് സാധ്യതയുള്ളതായി പ്രിൻസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റിന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മാർച്ചിൽ പെസ്റ്റ് കൺട്രോൾ വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ വീട്ടിലേക്ക് വിളിപ്പിച്ച പെസ്റ്റ് കൺട്രോൾ ഇൻസ്പെക്ടർ, ഓരോ മുറിയിലും 3-5 സ്ത്രീകള്‍ ഉറങ്ങുന്നതായും ഏകദേശം 15 ഓളം സ്ത്രീകള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്തു. “വലിയ അളവിലുള്ള സ്യൂട്ട്കേസുകളുടെ” സാന്നിധ്യവും അദ്ദേഹം ശ്രദ്ധിച്ചു. മനുഷ്യക്കടത്ത് നടന്നതായി ആരോപിക്കപ്പെടുന്ന വീടിനുള്ളിൽ നിന്ന് പ്രിൻസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് നിരവധി കമ്പ്യൂട്ടർ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പുതപ്പുകളും കണ്ടെത്തി, പക്ഷേ ഫർണിച്ചറുകളൊന്നുമുണ്ടായിരുന്നില്ല.

കട്ക്കൂരിയുടെയും ഭാര്യ ദ്വാരക ഗുണ്ടയുടെയും ഉടമസ്ഥതയിലുള്ള നിരവധി ഷെൽ കമ്പനികളിൽ ജോലി ചെയ്യാൻ നിർബന്ധിതരായതായി വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ 15 സ്ത്രീകൾ അവകാശപ്പെട്ടു. ഷെൽ കമ്പനികളുടെ പ്രോഗ്രാമർമാരായി ജോലി ചെയ്യുന്ന മറ്റ് വ്യക്തികളും പുരുഷന്മാരും സ്ത്രീകളും നിർബന്ധിത ജോലിക്ക് ഇരകളാണെന്നും പ്രിൻസ്റ്റൺ പോലീസ് പറഞ്ഞു. പ്രിൻസ്റ്റൺ, മെലിസ, മക്കിന്നി എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണങ്ങൾ കണ്ടെത്തി. ഈ സ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകളും ഫോണുകളും ഉൾപ്പെടെ നിരവധി സാധനങ്ങൾ അധികൃതർ പിടിച്ചെടുത്തു.

Print Friendly, PDF & Email

Leave a Comment

More News