കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു ഇയാൾക്ക്. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിക്കുന്നത്. പനി കൂടിയതിനെ തുടർന്ന് ഈ മാസം 14നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ പകർച്ചവ്യാധിയായി അന്താരാഷ്ട്രതലത്തിൽ റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വ്യാപകമായി പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നു. വായുവിലൂടെ പകരുന്ന വൈറസാണ് എച്ച്1 എന്‍1.
പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകരാൻ സാധ്യതയുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു എത്തുന്നു.