ന്യൂയോര്‍ക്ക്: തെക്കൻ മൊണ്ടാനയിലും കിഴക്കൻ ഐഡഹോയിലും സ്ഥിതി ചെയ്യുന്ന യെല്ലോ സ്റ്റോൺ ദേശീയ ഉദ്യാനം ഭൂഗർഭ ജലതാപ സ്ഫോടനത്തെത്തുടർന്ന് ബുധനാഴ്ച അടച്ചു. ഇതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ഫോടനം നടന്നയുടൻ അവിടെയുണ്ടായിരുന്നവർ ജീവരക്ഷാര്‍ത്ഥം പരക്കം പാഞ്ഞു.
നാഷണൽ പാർക്കിലെ ബിസ്ക്കറ്റ് ബേസിൻ ഏരിയയിലാണ് സ്ഫോടനം നടന്നത്. നിരവധി വിനോദസഞ്ചാരികൾ ജീവൻ രക്ഷിക്കാൻ തലങ്ങും വിലങ്ങും ഓടുന്നത് വീഡിയോയിൽ കാണാം. ആളുകൾ നിലവിളിക്കുന്ന ശബ്ദം വീഡിയോയിൽ കേൾക്കാം. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാല്‍, ബിസ്ക്കറ്റ് ബേസിനും അതിൻ്റെ പാർക്കിംഗ് സ്ഥലവും ബോർഡ്വാക്കും താൽക്കാലികമായി അടച്ചു.
സ്ഫോടനത്തിന് ശേഷം എടുത്ത വീഡിയോയിൽ ബോർഡ് വാക്കിൽ അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുന്നത് കാണാം. “വെള്ളം പൊടുന്നനെ ഭൂഗർഭത്തിൽ നീരാവിയായി മാറുമ്പോൾ” ഇത്തരം പൊട്ടിത്തെറികൾ സംഭവിക്കുന്നതായി USGS പറഞ്ഞു. ഈ പ്രതിഭാസം യെല്ലോസ്റ്റോണിൽ വളരെ സാധാരണമാണെന്ന് അധികൃതര്‍ പറഞ്ഞു.