സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരും; നദികള്‍ കരകവിഞ്ഞൊഴുകും; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുകയാണ്. എല്ലാ നദികളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. സെൻട്രൽ വാട്ടർ കമ്മീഷൻ ആറ് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മറ്റ് 20 നദികളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദം സജീവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ മധ്യപ്രദേശിൽ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. പകൽ സമയത്ത് തന്നെ ജനങ്ങൾ സഞ്ചരിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സ്ഥിരമായി വെള്ളക്കെട്ടിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സ്ഥിതിഗതികൾ വിലയിരുത്തി തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

വൈദ്യുതി ലൈനുകൾ പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഇടവഴികളിലെയും നടപ്പാതകളിലെയും കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതിന് മുമ്പ്, വൈദ്യുതാഘാതത്തിന് സാധ്യതയില്ലെന്ന് ഉറപ്പാക്കുക. അതിരാവിലെ ജോലിക്ക് പോകുന്നവരും ക്ലാസിൽ പോകുന്ന കുട്ടികളും മറ്റും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മലയോര മേഖലയിൽ കനത്ത മഴയിൽ നിലമ്പൂരിൻ്റെ വിവിധ ഭാഗങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. കൊണ്ടോട്ടി ബൈപാസ് വെള്ളത്തിലായി. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിലമ്പൂർ ജനതപ്പടി തോട്ടിലും, കുതിരപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചക്കാലക്കുത്ത് രാമൻകുത്ത് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News