പത്തനംതിട്ട: സഹായം ചോദിച്ച് വീട്ടിലെത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ യുവതിയെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറവിളാകത്ത് പുത്തന്‍വീട്ടിൽ ബിന്ദുവിനെയാണ് (36) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുമ്പ് പത്തനംതിട്ട മാന്തുകയിലെ ഒരു വീട്ടിൽ നിന്ന് പണം മോഷ്ടിച്ച് കടന്നു കളഞ്ഞതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
പോലീസ് അന്വേഷണത്തിൽ യുവതിയുടെ അമ്മയുടെ നൂറനാട് പാറ്റൂര്‍ തടത്തിൽ പറമ്പില്‍ വീട്ടിൽ നിന്ന് ബുധനാഴ്ച വൈകീട്ട് നാലിന് യുവതിയെ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരച്ചിൽ സംഘം മോഷ്ടാവിനായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മകളുടെ പഠനത്തിനും ഭർത്താവിൻ്റെ ചികിൽസയ്ക്കുമാണെന്നാണ് മാന്തുകയിലേയും പരിസരങ്ങളിലെയും വീടുകളിലെത്തി കുട്ടികളുമായി യുവതി ധനസഹായം ആവശ്യപ്പെട്ടത്. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർഡി ഏജൻ്റായി ജോലി നോക്കുന്ന വീട്ടമ്മയേയും സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ കളക്ഷൻ തുക അടങ്ങിയ ബാഗ് വീട്ടിലെ സിറ്റൗട്ടിൽ വച്ച ശേഷം വീട്ടമ്മ വീടിനകത്തേക്ക് കയറിയ തക്കത്തിന് യുവതി ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പല സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചുവന്ന യുവതിയെ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും അന്വേഷണം വ്യാപകമാക്കിയതിനെ തുടർന്നാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പന്തളം പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.