ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഓഗസ്റ്റ് 8 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ ആശങ്കകൾ പ്രാഥമികമായി ചൂണ്ടിക്കാട്ടി എയർലൈൻ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബാധിച്ച ഫ്ലൈറ്റുകളിൽ സ്ഥിരീകരിച്ച ബുക്കിംഗ് കൈവശമുള്ള യാത്രക്കാർക്ക് റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ ചാർജുകൾ എന്നിവയിൽ ഒറ്റത്തവണ ഇളവ് നൽകും. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ നടത്തുന്നത്. ഈ കാലയളവിൽ എയർലൈൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു.
“മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, 08 ഓഗസ്റ്റ് 2024 വരെ, ഞങ്ങൾ ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഓപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഈ കാലയളവിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള ഞങ്ങളുടെ യാത്രക്കാർക്ക് പിന്തുണ നൽകുന്നു, റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ നിരക്കുകളിൽ ഒറ്റത്തവണയാണ് ഇളവ്,” എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.
അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് എയർലൈൻ ഊന്നിപ്പറഞ്ഞു. കൂടുതൽ സഹായത്തിന്, യാത്രക്കാർ എയർ ഇന്ത്യയുടെ 24/7 കോൺടാക്റ്റ് സെൻ്ററുമായി 011-69329333 / 011-69329999 എന്ന നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശിച്ചു.
ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു.
എയർ ഇന്ത്യയുടെ തീരുമാനത്തെതുടര്ന്ന് അതേ ഗ്രൂപ്പിൻ്റെ ഭാഗമായ ജർമ്മനിയിലെ ലുഫ്താൻസയും സ്വിസ് ഇൻ്റർനാഷണൽ എയർ ലൈൻസും ടെൽ അവീവിലേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാ, ചരക്ക് വിമാനങ്ങളും ഓഗസ്റ്റ് 8 വരെ നിർത്തിവച്ചു. കൂടാതെ, ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങളുടെ സസ്പെൻഷൻ ഓഗസ്റ്റ് 12 വരെ നീട്ടിയിട്ടുണ്ട്.