വയനാട് ദുരന്തം നമ്മുടെയെല്ലാം ഹൃദയം കീറിമുറിക്കുന്നുണ്ട്; നമ്മൾ ഈ ദുരിതങ്ങളെ അതിജീവിക്കും

ദുരിതബാധിതർക്കുള്ള സഹായം ഔദാര്യമല്ല, ആശ്വാസവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും ചേർത്ത് നിർത്തലുമാണ്.

സമ്പന്നരോ ദരിദ്രരോ എന്ന വിവേചനം ഇല്ലാതെ, മതജാതി കക്ഷരാഷ്ട്രീയമോ വിശ്വാസമോ വിശ്വാസമില്ലായ്മയോ എന്ന വേർതിരിവുകൾ ഇല്ലാതെ ദുരന്തം എല്ലാവരെയും ബാധിക്കുന്നതും നിസ്സഹായത തീർക്കുന്നതുമാണ്. ദിവസങ്ങളായി നമ്മുടെ ജീവിതന്തരീക്ഷം ദുഃഖസാന്ദ്രമാണ്.. വയനാട് ദുരന്തം നമ്മുടെയെല്ലാം ഹൃദയം കീറിമുറിക്കുന്നുണ്ട്, മഴ സംഹാരതാണ്ഡവമാടിയ
ഒരൊറ്റ രാത്രി കൊണ്ട് ഉരുൾപൊട്ടി പ്രളയം തീർത്ത് എല്ലാം തകിടം മറിഞ്ഞു. ഒരമ്മയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം ദൃശ്യമാധ്യമങ്ങളിൽ കാണാനിടയായി കൊടും കാട്ടിൽ കാട്ടാനക്കൊപ്പം കഴിഞ്ഞ സമയം, പുലർച്ചെ ആരൊക്കെയോ രക്ഷക്കെത്തുന്നു! ദുരന്ത ഭൂമിയിൽ സ്വന്തം വീട്ടുകാരെയും അയൽക്കാരെയും തിരയുന്ന മനുഷ്യർ, തന്റെ അമ്മയെ തോളിൽ ഇട്ടു, പക്ഷെ മകളും സഹോദരിയും സഹോദരനും ഒക്കെ കണ്മുന്നിലൂടെ ഒഴുകിപോകുന്ന, നിലവിളിക്കാൻ പോലുമാവാത്ത അവസ്‌ഥ!

തലേ ദിവസം വരെ സ്‌കൂളിൽ ഉണ്ടായിരുന്ന 18 വർഷമായി മുണ്ടക്കൈ പ്രദേശത്ത് കുട്ടികൾക്കും നാട്ടുകാർക്കും പ്രിയങ്കരനായ ആലപ്പുഴയിൽ നിന്നുള്ള ഒരു അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെയും നാട്ടുകാരെയും തൊണ്ടയിടറി അന്വേഷിക്കുന്ന കാഴ്ച്ച. പ്രകൃതിയുടെ മടിത്തട്ടിൽ പുഴയോരത്തെ കുട്ടികളുടെ പഠനത്തെ മഹാഭാഗ്യമായി കണ്ട അദ്ധ്യാപകൻ.. അദേഹത്തിന്റെ കരയുന്ന വാക്കുകൾ നമ്മുടെ കണ്ണുകൾ ഈറനണിയിക്കും..

350 ലേറെ ജീവൻ അപഹരിച്ച, അത്രയും തന്നെ മനുഷ്യരെ എവിടെയെന്ന് അറിയാത്ത, 3000 ലേറെ മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും തങ്ങൾക്ക് ഭവിച്ച പ്രയാസങ്ങളിൽ ഹൃദയം നുറുങ്ങി ദിനരാത്രങ്ങൾ തള്ളി നീക്കുമ്പോൾ, തീർച്ചയായും നമ്മൾ ചിന്തിക്കുന്നതിനും മനസ്സിലാക്കിയതിനും അപ്പുറമാണ് പ്രകൃതിക്ഷോഭം വയനാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഈ സന്നിഗ്ധ ഘട്ടത്തിൽ നമ്മുടെയെല്ലാം സഹായം ഉണ്ടായേ പറ്റൂ,.. സമാധാനത്തിന്റെ പ്രാർത്ഥനയും..ദുരിത ബാധിതരെ സഹായിക്കാൻ സർക്കാറിലേക്ക് സാമ്പത്തിക സഹായം നൽകൽ ഔദാര്യ സ്വഭാവം ഇല്ലാതാക്കി തങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ആയെ ദുരിത ബാധിതർ കരുതുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. തങ്ങളുടെ എല്ലാ ഭൗതിക സൗകര്യങ്ങളും
എല്ലാം നഷ്ടപ്പെട്ടാലും മനുഷ്യരുടെ ആത്മാഭിമാനം എന്നതിനെ നാം പരിഗണിക്കേണ്ടതുണ്ട്.

ദുരന്ത ഭൂമിയിൽ കൈ മെയ് മറന്ന് നിസ്വാർത്ഥ സേവനത്തിൽ നിലകൊള്ളുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങളും പ്രാർത്ഥനകളും നേരുന്നു.

കെ.വി.അമീർ
മണ്ണാർക്കാട്

Print Friendly, PDF & Email

Leave a Comment

More News