സംവരണത്തിനെതിരായ അക്രമാസക്തമായ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു, രാജ്യം വിട്ടു

സംവരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ ആദ്യം ആരംഭിച്ച പ്രതിഷേധം ഒരു സർക്കാർ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ രൂപത്തിലായിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. രാജ്യത്ത് ഇപ്പോൾ ഇടക്കാല സർക്കാർ രൂപീകരിക്കുകയാണെന്ന് കരസേനാ മേധാവി ജനറൽ വഖാർ ഉസ് സമാൻ പറഞ്ഞു.

ന്യൂഡൽഹി: ബംഗ്ലാദേശിൽ സംവരണത്തെച്ചൊല്ലി നടന്ന അക്രമാസക്തമായ പ്രതിഷേധത്തിൽ ഞായറാഴ്ച (ഓഗസ്റ്റ് 4) 98 പേർ മരിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. നിലവിൽ രാജ്യത്തുടനീളം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ഇൻ്റർനെറ്റ് സേവനങ്ങളും നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധം വർധിച്ചുവരുന്നതിനിടെ ഇന്ന് (ഓഗസ്റ്റ് 5 തിങ്കളാഴ്ച) രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുകയാണെന്ന് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വഖാർ-ഉസ്-സമാൻ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

“ഞങ്ങൾ ഒരു ‘വിപ്ലവ കാലഘട്ടത്തിലാണ്’ എന്ന് നിങ്ങൾ അറിയണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ ഞാൻ വിളിച്ചിരുന്നു. ഞങ്ങൾ നല്ല ചർച്ച നടത്തി ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു,” ഒരു പ്രസ്താവനയില്‍ വഖാർ-ഉസ്-സമാൻ പ്രഖ്യാപിച്ചു,

ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതായും സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ടതായും ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിൽ എത്തിയതായും സൈനിക ജനറൽ പറഞ്ഞു. തുടർനടപടികൾ ചർച്ച ചെയ്യാൻ ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിക്കാഴ്ച നടത്തുമെന്ന് വഖാർ-ഉസ്-സമാൻ പറഞ്ഞു.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ജമാത്ത്, ദേശീയ പാർട്ടി തുടങ്ങിയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തൻ്റെ നിർദ്ദേശം അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അവാമി ലീഗ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടക്കാല സർക്കാരിനായുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും എന്നാൽ തിങ്കളാഴ്ച രാത്രിയോ പരമാവധി ഒന്നോ രണ്ടോ ദിവസത്തിനകം പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ സമാധാനപരമായി തുടരുകയാണെങ്കിൽ കർഫ്യൂവിൻ്റെ ആവശ്യമില്ലെന്ന് കരസേനാ മേധാവി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പ്രതിഷേധക്കാരിൽ നിന്ന് ക്ഷമയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു, അക്രമത്തിലൂടെ ഒന്നും നേടാനാവില്ലെന്നും ‘അത്തരം പ്രക്ഷോഭം നിർത്താൻ’ ആളുകളോട് ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികളോടും പ്രതിഷേധക്കാരോടും വീടുകളിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ച അദ്ദേഹം അവരുടെ എല്ലാ പരാതികളും പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു, പ്രതികരണമായി പ്രാദേശിക ടിവി ചാനലുകൾ തെരുവിൽ ആളുകൾ ആഹ്ലാദിക്കുന്നതും കൈകൊട്ടി പാടുന്നതും കാണിക്കുന്നുണ്ടായിരുന്നു.

ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹനയും തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ട് ‘സുരക്ഷിത സ്ഥലത്തേക്ക്’ പോയതായി നിരവധി റിപ്പോർട്ടുകൾ പറയുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗാനഭവനിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പ്രതിഷേധക്കാർ പ്രവേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഞായറാഴ്ച ബംഗ്ലാദേശിൽ നടന്ന പുതിയ അക്രമത്തിൽ 100-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ആദ്യ ദിവസമായിരുന്നു അത്.

ഇത് രാജ്യത്തെ 20 ജില്ലകളിൽ ഭരണകക്ഷിയായ അവാമി ലീഗിൻ്റെ പ്രവർത്തകരും സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരും തമ്മിൽ സംഘർഷത്തിനും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും അക്രമം വ്യാപിക്കുന്നതിനും ഇടയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

സംവരണവുമായി ബന്ധപ്പെട്ട് ആദ്യം ആരംഭിച്ച ഈ പ്രതിഷേധം ഇപ്പോൾ സർക്കാർ വിരുദ്ധ സമരത്തിൻ്റെ രൂപമെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഷാകുലരായ ജനക്കൂട്ടം ഞായറാഴ്ച രാജ്യത്തിൻ്റെ വടക്കൻ ജില്ലയായ സിറാജ്ഗഞ്ചിലെ ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 13 പോലീസുകാരെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

അതിനിടെ, മറ്റൊരു സംഭവത്തിൽ സിറാജ്ഗഞ്ചിലെ റായ്ഗഞ്ച് ഉപജിലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ സിറാജ്ഗഞ്ചിൽ 18 പേരാണ് മരിച്ചത്. വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ, ജനക്കൂട്ടം ഭരണകക്ഷി എംപിമാരുടെ വീടുകൾ, അവാമി ലീഗ് ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ, ആശുപത്രി വാഹനങ്ങൾ എന്നിവയ്ക്ക് തീയിടുകയും നശിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന വൻ അക്രമം കണക്കിലെടുത്ത്, ബംഗ്ലാദേശ് സർക്കാർ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള 4G മൊബൈൽ ഇൻ്റർനെറ്റ് സേവനം നിർത്തലാക്കുകയും ചെയ്തു. അതോടൊപ്പം ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതു-സ്വകാര്യ ഓഫീസുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സർക്കാർ ഉത്തരവിറക്കി.

അതേസമയം, സമരം തുടരുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ തിങ്കളാഴ്ച (ഓഗസ്റ്റ് 5) ലോങ് മാർച്ച് നടത്തുമെന്ന് അറിയിച്ചു.

ഒരു ന്യൂ ഏജ് ബംഗ്ലാദേശ് റിപ്പോർട്ട് അനുസരിച്ച്, പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ലെന്ന് ഷെയ്ഖ് ഹസീനയെ ഉദ്ധരിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അസിസ്റ്റൻ്റ് പ്രസ് സെക്രട്ടറി എബിഎം സർവാർ-ഇ-ആലം പറഞ്ഞു. ‘അവർ തീവ്രവാദി’കളാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമം തുടരുന്നതിനിടെ, ബംഗ്ലാദേശിലെ വിഐപികൾക്ക് രാജ്യം വിടാൻ സർക്കാർ തന്നെ അനുമതി നൽകിയതായി വാർത്തയുണ്ട്. റിപ്പോര്‍ട്ടുകളനുസരിച്ച്, രാജ്യത്തിന് പുറത്തേക്ക് പോകുന്ന പ്രത്യേക വ്യക്തികളുടെ പേരുകൾ അടങ്ങിയ രേഖയിൽ ബംഗ്ലാദേശ് ഏവിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ നസിമ ഷഹീൻ ഒപ്പിട്ടിട്ടുണ്ട്.

ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു

ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കണക്കിലെടുത്ത്, ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യൻ സർക്കാർ പൗരന്മാരോട് നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും ചലനങ്ങൾ പരിമിതപ്പെടുത്താനും ധാക്കയിലെ ഇന്ത്യൻ എംബസിയുടെ എമർജൻസി ഫോൺ നമ്പറുകളുമായി സമ്പർക്കം പുലർത്താനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

വിദേശകാര്യ മന്ത്രാലയം അടിയന്തര ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ, എംബസിയെ +8801958383679 +8801958383680 +8801937400591 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നേരത്തെ, ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം അതിൻ്റെ ആഭ്യന്തര പ്രശ്നമാണെന്ന് ജൂലൈ 19 ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്തെ 8,500 വിദ്യാർത്ഥികളും 15,000 ഇന്ത്യൻ പൗരന്മാരും ബംഗ്ലാദേശിൽ താമസിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പ്രാദേശിക അധികാരികൾ സ്വീകരിച്ച നടപടികളെക്കുറിച്ച് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി ഞങ്ങളുടെ ഹൈക്കമ്മീഷൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദേശകാര്യ മന്ത്രി തന്നെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഹൈക്കമ്മീഷൻ അവിടത്തെ സ്ഥിതിഗതികളെക്കുറിച്ച് പതിവായി അപ്‌ഡേറ്റുകൾ നൽകുന്നത് തുടരും. ഞങ്ങൾ പതിവായി അപ്‌ഡേറ്റുകൾ നൽകുന്നത് തുടരുകയും ബംഗ്ലാദേശിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എല്ലാ കുടുംബാംഗങ്ങളെയും സമ്പർക്കം പുലർത്താൻ പ്രേരിപ്പിക്കുകയും ചെയ്യും. ഞങ്ങളുടെ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ എല്ലാ പൗരന്മാരും സുരക്ഷിതരാണ്.

1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെ സർവകലാശാലകളിലെ വിദ്യാർഥികൾ കുറച്ചുകാലമായി സമരത്തിലാണ്. 1971ൽ പാക്കിസ്താനിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ബംഗ്ലാദേശിൽ വിമോചന പോരാളികൾ എന്നാണ് വിളിക്കുന്നത്. രാജ്യത്തെ മൂന്നിലൊന്ന് സർക്കാർ ജോലികളും അവരുടെ കുടുംബങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.

അക്രമം കണക്കിലെടുത്ത് ബംഗ്ലാദേശ് സർക്കാർ ടിവി വാർത്താ ചാനലുകൾ ഇതിനകം അടച്ചുപൂട്ടുകയും നിരവധി വാർത്താ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർജ്ജീവമാക്കുകയും ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News