വിശ്വാസത്തിന്റെ പതാക ഉയർന്നു; റോക്ക് ലാൻഡ് ഇടവകയുടെ അഭിമാനമായി കൊടിമരം ആശീർവദിച്ചു

ന്യൂയോര്‍ക്ക്: ഭാരതീയ പാരമ്പര്യത്തിന്റെയും സീറോ മലബാർ സഭയുടെയും അഭിമാനം ഉയർത്തി റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്‍സിലുള്ള ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിന്റെ കൊടിമരം ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വെഞ്ചരിച്ചു. ഇതേ തുടര്‍ന്ന് ഈമാസം 16,17,18 തീയതികളില്‍ നടക്കുന്ന വി. കന്യകാമറിയത്തിന്റെ സ്വര്ഗാരോഹണ തിരുന്നാളിന് കൊടിയേറ്റവും നടന്നു.

സ്വര്‍ണ്ണ നിറത്തിലുള്ള കൊടിമരം സൂര്യ പ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് കാണാന്‍ മനോഹരമായിരുന്നു. പള്ളിയുടെ വിശാലമായ മുന്‍ ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് കൊടിമരം.

കൊടിമരം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരിയായിരുന്ന ഫാ. റാഫേല്‍ അമ്പാടന്‍, ഇപ്പോഴത്തെ വികാരി ഫാ. സ്റ്റീഫന്‍ കണിപ്പള്ളില്‍ എന്നിവരുടെ സഹകാര്‍മികത്വത്തില്‍ ബിഷപ്പ് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു ഇടവകയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കൊടിമരം വെഞ്ചരിപ്പ്. കൊടിമരം നമ്മുടെ വിശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബിഷപ്പ് വിശദീകരിച്ചു.

ഹൈന്ദവാചാരപ്രകാരം ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നു. പിന്നീടത് ക്രൈസ്തവരും പിന്തുടരാൻ തുടങ്ങി. കൊടി ഒരു രാജ്യത്തിന്റെ പ്രതീകമാണ്. ക്രൈസ്തവർക്കാകട്ടെ അത് സ്വർഗ്ഗരാജ്യത്തിന്റെ പ്രതീകമാണ്-മാർ ജോയി ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഈ ഇടവകയിൽ ഇനിയും ഉണ്ടാകാനിരിക്കുന്ന വികസനത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു

ഫ്‌ളാഗ് പോള്‍ അമേരിക്കയില്‍ ഓരോ സ്ഥാപനങ്ങള്‍ക്ക് മുന്നിലുണ്ടെങ്കിലും ഇതുപോലൊരു കൊടിമരം അമേരിക്കന്‍ പള്ളികള്‍ക്ക് ഇല്ലെന്ന് ഫാ. റാഫേല്‍ ചൂണ്ടിക്കാട്ടി. നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായ മാര്‍ത്തോമാ കുരിശും കൊടിമരത്തിന്റെ മുകളിലായി സ്ഥാപിച്ചിരിക്കുന്നു. കൊടിമരം കാണുന്നവര്‍ക്ക് ഇതൊരു കത്തോലിക്കാ പള്ളിയാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും.

കൊടിമരം സംഭാവന ചെയ്യുകയും നാട്ടില്‍ നിന്ന് അത് നിര്‍മ്മിച്ച് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയും ചെയത എടത്വ കൊച്ചുപഴയമഠം കുടുംബത്തേയും നേതൃത്വം നല്‍കിയ സണ്ണി ജെയിംസിനേയും ഭാര്യ ഡോളിയെയും ബിഷപ്പും വൈദികരും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. പണച്ചിലവ് മാത്രമല്ല അതു സ്ഥാപിക്കുന്നതിനുവേണ്ടി മാസങ്ങളായി സണ്ണി ജെയിംസ് നടത്തിയ ത്യഗനിർഭരമായ പ്രവര്‍ത്തനങ്ങളും അവര്‍ അനുസ്മരിച്ചു. ഈ ത്യാഗങ്ങള്‍ വിസ്മരിക്കപ്പെടുകയില്ല.

മനുഷ്യരെ സഹായിക്കുന്നതാണ് പള്ളി പണിയേക്കാള്‍ അഭികാമ്യമെന്ന് അറിയാമെങ്കിലും കുട്ടനാട്ടുകാരന്‍ എന്ന നിലയില്‍ പള്ളിയുമായുള്ള തങ്ങളുടെ അഭേദ്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ കൊടിമരമെന്ന് സണ്ണി ജെയിംസ് പറഞ്ഞു. ഇതു നിര്‍മ്മിച്ച മാന്നാറിലെ അനന്തന്‍ ആചാരി, ഇരുമ്പു പണി ചെയ്തവര്‍, സ്റ്റോണ്‍ വര്‍ക്ക് ചെയ്തവര്‍ തുടങ്ങി ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഒക്‌ലഹോമയിലെ മലയാളി സ്ഥാപനം വിത്സൺ കൺസ്ട്രക്ഷൻസ് വരെയുള്ളവരോട് നന്ദിയുണ്ട്. ഇതിനുള്ള അനുമതി ലഭിക്കുന്നതിന് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഇടവകാംഗം സന്തോഷ് മണലിൽ അടക്കം ചിലർ സഹായിക്കുകയുണ്ടായി. ഫാ. റാഫേലിനും ഫാ. സ്റ്റീഫനും അദ്ദേഹം നന്ദി പറഞ്ഞു. തനിക്ക് എല്ലാവിധ പിന്തുണയും നൽകിയ ഫാ. സ്റ്റീഫന്‍ ആചാര്യ ശ്രേഷ്ഠനാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

അമേരിക്കയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ സ്ഥാപിച്ച ഏറ്റവും ഉയരം കൂടിയതാണ് ഈ കൊടിമരമെന്നു കരുതുന്നു.

പിച്ചളയും (ബ്രാസ്) മറ്റും ചേർന്നുള്ള ഓട് കൊണ്ട് നിർമിച്ച കൊടിമരം കേരളത്തിലെ ക്ഷേത്രങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും കാണപ്പെടുന്ന അതെ മാതൃകയിലാണ്. ശബരിമലയിലെ പതിനെട്ടാം പടിയുടെയും മറ്റും അറ്റകുറ്റപ്പണി കോടതി ഏൽപ്പിച്ചു കൊടുത്തിട്ടുള്ള മാന്നാറിലെ അനന്തൻ ആചാരി ആണ് ഈ കൊടിമരവും നിർമ്മിച്ചത്. ചിക്കാഗോ മാർത്തോമ്മാ ശ്ലീഹ കത്തീഡ്രലിലെ കൊടിമരവും അദ്ദേഹം തന്നെയാണ് നിർമ്മിച്ചത്.

ജി.ഐ. പൈപ്പിലാണ് ഓട് പൊതിഞ്ഞു കൊടിമരം നിർമ്മിക്കുക. ഉയരം 36 അടി. അതിൽ കുരിശിന്റെ ഉയരം കൂടി ആകുമ്പോൾ ഉയരം 42 മുതൽ 45 അടി വരെയാകുമെന്ന് ഇടവകാംഗവും ബിസിനസുകാരനുമായ ജെയിംസ് (സണ്ണി) കൊച്ചുപഴയമഠം പറഞ്ഞു. ചിക്കാഗോയിലേതിനേക്കാൾ രണ്ടടിയെങ്കിലും ഉയരം കൂടുതലുണ്ട്.

കൊടിമരത്തിൽ കൊത്തുപണികളുണ്ട്. കൊടിമരം ഉറപ്പിച്ചിരിക്കുന്ന കരിങ്കൽ കെട്ടും കേരളത്തിൽ നിന്ന് കൊണ്ടുവന്നതാണ്. അതിൽ എട്ടു പുണ്യവാന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌തിരിക്കുന്നു

കൊടിമരം കപ്പലിൽ കണ്ടെയ്നറിൽ ആണ് കൊണ്ടുവന്നത്.

 

Print Friendly, PDF & Email

Leave a Comment

More News